സ്പെയിനും ലൂചോയും ഖത്തർ ലോകകപ്പ് ഗംഭീരമായി തന്നെ ആരംഭിച്ചു. സ്പാനിഷ് ടികിടാക മനീഹാര്യത കണ്ട ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. ഈ ലോകകപ്പിൽ ഇതുവരെ കണ്ടതിൽ ഏറ്റവും സുന്ദരമായ ഫുട്ബോൾ ആണ് സ്പെയിൻ ഇന്ന് കളിച്ചത്.
യുവനിരയുമായി ഇറങ്ങിയ സ്പെയിൻ അവരുടെ ഫിലോസഫി വിട്ട് ഒരു ചുവട് പോലും ഇന്ന് വെച്ചില്ല. പാസ് ചെയ്ത് ടികി ടാക കളിച്ച് സ്പെയിൻ മുന്നേറിയപ്പോൾ കോസ്റ്ററികയ്ക്ക് ബോൾ കണികാണാൻ പോലും കിട്ടിയില്ല. കളിയിൽ 72% ആണ് സ്പെയിനിന്റെ പൊസഷൻ സ്റ്റാറ്റ്.
മത്സരത്തിന്റെ 11ആം മിനുട്ടിൽ സ്പെയിൻ ആദ്യ ഗോൾ അടിച്ചു. യൂറോ കപ്പിൽ സ്പെയിനിന്റെ ഹീറോ ആയി ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കയറിയ ഡാനി ഓൽമോയുടെ വക ആയിരുന്നു ഗോൾ. ബാഴ്സലോണ താരം ഗവി നൽകിയ ചിപ് പാസ് ഡിഫ്ലക്ഷനോടെ ആണെങ്കിലും ഡാനി ഓൽമോയിൽ എത്തി. താരം പന്ത് ഷീൽഡ് ചെയ്ത് നെവസിനെ കീഴ്പ്പെടുത്തി ഗോളടിച്ചു.
കൃത്യം 10 മിനുട്ട് കഴിഞ്ഞു രണ്ടാം ഗോൾ. ഇത്തവണ വലതു വിങ്ങിൽ നിന്ന് ആൽബ നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ അസൻസിയോ ഗോളാക്കി മാറ്റി. നെവസിന്റെ കയ്യിൽ തട്ടി ആണ് പന്ത് വലയിലേക്ക് വീണത്.
വീണ്ടും ഒരു 10 മിനുട്ട് കഴിഞ്ഞ് 31ആം മിനുട്ടിൽ സ്പെയിനിന്റെ മൂന്നാം ഗോൾ. ഇത്തവണ പെനാൾട്ടിയിൽ നിന്ന്. ജോർദി ആൽബ വിജയിച്ച പെനാൾട്ടി ഫെറാൻ ടോറസ് ആണ് ലക്ഷ്യത്തിൽ എത്തിച്ചത്. സ്കോർ 3-0.
അടുത്ത ഗോൾ വന്നത് രണ്ടാം പകുതിയിൽ അണ്. 54ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഫെറാൻ ടോറസിന്റെ ഗോൾ. ബാഴ്സലോണ താരത്തിന്റെ ഈ മത്സരത്തിലെ രണ്ടാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം നിരവധി മാറ്റങ്ങൾ സ്പെയിൻ നടത്തി. ബാൽദെയെയും നികോ വില്യംസിനെയും പോലുള്ള യുവതാരങ്ങൾ കളത്തിൽ എത്തി.
74ആം മിനുട്ടിൽ മൊറാട്ടായും ഗവിയും ഒരുമിച്ചപ്പോൾ സ്പെയിനിന്റെ അഞ്ചാം ഗോൾ പിറന്നു. മൊറാട്ട കൊടുത്ത പോസ്റ്റ് പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ വെച്ച് ഗവി ഫിനിഷ് ചെയ്ത രീതി ഈ ടീനേജുകാരൻ എത്ര മാത്രം ടാലന്റഡ് ആണെന്ന് അടിവരയിട്ട നിമിഷം ആയിരുന്നു. പെലെയ്ക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് സ്കോറർ ആയും ഗവി ഈ നിമിഷത്തിൽ മാറി. 18 വയസ്സും 110 ദിവസവും മാത്രമാണ് ഗവിയുടെ പ്രായം.
ഇവിടെയും ഗോൾ നിന്നില്ല. സബ്ബായി എത്തിയ കാർലോസ് സൊളറും മൊറാട്ടയും കൂടെ ഗോളടിച്ചതോടെ സ്പെയിൻ അവരുടെ ലോകകപ്പ് ഗോളടിയിലെ റെക്കോർഡും കുറിച്ചു. ഏഴ് ഗോളിന്റെ വിജയം.
ഇനി ജർമ്മനിയും ജപ്പാനും ആണ് ഗ്രൂപ്പിൽ സ്പെയിന് മുന്നിൽ ഉള്ളത്.