ടി20 ലോകകപ്പ് സെമി ഫൈനൽ കാണാതെ പുറത്തായി ദക്ഷിണാഫ്രിക്ക. ഇന്ന് നെതര്‍ലാണ്ട്സിനെതിരെയുള്ള മത്സരത്തിൽ 159 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന് അവസരത്തിനൊത്തുയരാനാകാതെ പോയപ്പോള്‍ നിര്‍ണ്ണായക മത്സരത്തിൽ മുട്ടിടിയ്ക്കുന്ന ദക്ഷിണാഫ്രിക്കയുടെ പതിവ് വീണ്ടും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഒരു ഘട്ടത്തിൽ 30 പന്തിൽ 48 റൺസ് എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ മത്സരം കളയുന്ന കാഴ്ച അഡിലെയ്ഡ് ഓവലില്‍ കണ്ടത്. അവസാന ഓവറിൽ ജയിക്കുവാന്‍ 26 റൺസ് വേണ്ടപ്പോള്‍ 12 റൺസ് മാത്രം പിറന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 13 റൺസിന്റെ ചരിത്ര വിജയം നെതര്‍ലാണ്ട്സ് കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 145/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ടെംബ ബാവുമയും(20) ക്വിന്റൺ ഡി കോക്കും(13) കരുതലോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ ഇരുവര്‍ക്കും ഇന്നിംഗ്സ് മുന്നോട്ട് പോകുവാന്‍ സാധിക്കാതെ വന്നപ്പോള്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 39/2 എന്ന നിലയിലായിരുന്നു.
പിന്നീട് റൈലി റൂസ്സോ – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ഇന്നിംഗ്സിന് വേഗത നൽകിയെങ്കിലും റൂസ്സോയെ പുറത്താക്കി ബ്രണ്ടന്‍ ഗ്ലോവര്‍ നെതര്‍ലാണ്ട്സിന് ബ്രേക്ക്ത്രൂ നൽകി. 25 റൺസായിരുന്നു റൂസ്സോയുടെ സംഭാവന.
എയ്ഡന്‍ മാര്‍ക്രം(17) പുറത്താകുമ്പോള്‍ 12.3 ഓവറിൽ 90/4 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഗ്ലോവര്‍ മില്ലറെയും പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക 15.2 ഓവറിൽ 112/5 എന്ന നിലയിലായി. അതേ ഓവറിൽ തന്നെ ഗ്ലോവര്‍ വെയിന്‍ പാര്‍ണലിനെയും പുറത്താക്കി.
30 പന്തിൽ 48 റൺസാണ് ടീം മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ നേടേണ്ടിയിരിരുന്നത്. ഇന്നിംഗ്സിലെ 16ാം ഓവറിൽ വെറും 4 റൺസ് മാത്രം പിറന്നപ്പോള്‍ രണ്ട് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇതോടെ 4 ഓവറിൽ 44 റൺസെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം മാറി.
18ാം ഓവറിൽ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ ക്ലാസ്സനും(21) പുറത്തായതോടെ വീണ്ടുമൊരു നിര്‍ണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുട്ടിടിക്കുന്ന കാഴ്ചയാണ് കണ്ടത്.
അവസാന 2 ഓവറിൽ 36 റൺസും അവസാന ഓവറിൽ 26 റൺസുമായി ലക്ഷ്യം മാറിയെങ്കിലും 13 റൺസ് തോൽവിയേറ്റ് വാങ്ങി ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി.
നെതര്‍ലാണ്ട്സിന് വേണ്ടി ബ്രണ്ടന്‍ ഗ്ലോവര്‍ മൂന്നും ബാസ് ഡി ലീഡ് രണ്ടും വിക്കറ്റ് നേടി.