എപ്പോഴും ഗോവയുടെ എതിരാളികൾ ആണ് ഗോളുകൾ വാങ്ങി കൂട്ടാറ് എങ്കിൽ ഇന്ന് നേരെ തല തിരിഞ്ഞും ജംഷദ്പൂരിനെ നേരിട്ട എഫ് സി ഗോവയുടെ വലയിൽ നാലു ഗോളുകളാണ് ഇന്ന് നിറഞ്ഞത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ ഇന്നത്തെ പരാജയം. സീസണിലെ ഗോവയുടെ ആദ്യ തോൽവിയുമാണിത്.
കോറോ ഇല്ലാതെ ഇറങ്ങിയ എഫ് സി ഗോവ തീർത്തും വീര്യമില്ലാത്ത ഗോവയായിരുന്നു. ആദ്യ പകുതിയിൽ തന്നെ എഫ് സി ഗോവ ചിത്രത്തിൽ ഇല്ലാതെ ആകുമായിരുന്നു. പക്ഷെ ജംഷദ്പൂരിന്റെ ഫിനിഷിങ് അത്ര മോശമായത് കൊണ്ടു മാത്രം കളി ആദ്യ പകുതിയിൽ 1-1 നിലയിൽ നിൽക്കാൻ കാരണമായി. സൂസൈരാജാണ് ഇന്ന് ജംഷദ്പൂരിന്റെ ശരിക്കും ഹീറോ ആയത്. രണ്ട് ഗോളുകളാണ് സൂസൈ ഇന്ന് നേടിയത്.
16ആം മിനുട്ടിൽ ആയിരുന്നു സൂസൈരാജിന്റെ ആദ്യ ഗോൾ പിറന്നത്. ഒരു കോർണർ ക്ലിയർ ചെയ്യാൻ ഗോവൻ ഡിഫൻസിന് പറ്റാതെ വന്നപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് സൂസൈരാജ് ലക്ഷ്യം കാണുകയായിരുന്നു. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൂസൈരാജ് ഗോൾ നേടുന്നത്. കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയും സൂസൈ ഗോൾ നേടിയിരുഞ്ഞ്. 32ആം മിനുട്ടിൽ ആണ് എഫ് സി ഗോവയുടെ സമനില ഗോൾ പിറന്നത്. മൗർടാഡ ഫാൾ ആണ് ഗോവൻ ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്ന് എഡു ബേഡിയ ഫ്ലിക്ക് ചെയ്ത് കൊടുത്ത ഹെഡർ സെനഗലീസ് താരം എളുപ്പത്തിൽ ജംഷദ്പൂർ വലയിൽ എത്തിക്കുയായിരുന്നു.
ആദ്യ പകുതി 1-1 എന്ന് നിന്നെങ്കിലും രണ്ടാം പകുതിയിൽ കളി തീർത്തും ഗോവയുടെ കൈവിട്ടു. 50ആം മിനുട്ടിൽ സൂസൈരാജ് തന്നെ ആണ് ജംഷദ്പൂരിന് ലീഡ് തിരികെ നേടിക്കൊടുത്തത്. ആ ലീഡിന് ശേഷം പിന്നീട് ജംഷദ്പൂർ മാത്രമെ കളത്തിൽ ഉണ്ടായിരുന്നുള്ളൂ. കളിയുടെ 77ആം മിനുട്ടിൽ ഒരു കിടിലൻ സ്ട്രൈക്കിലൂടെ മെമോ സ്കോർ 3-1 എന്നാക്കി.
തൊട്ടടുത്ത മിനുട്ടിൽ സുമീത് പസ്സി ഒരു ടാപിന്നിലൂടെ കളിയിലെ ജംഷദ്പൂരിന്റെ നാലാം ഗോളും നേടി. ജംഷദ്പൂർ ആദ്യമായാണ് ഐ എസ് എൽ ചരിത്രത്തിൽ നാലു ഗോളുകൾ നേടുന്നത്. ഇന്നത്തെ ജയത്തോടെ നാല് തുടർ സമനിലകളിൽ നിന്ന് ജംഷദ്പൂർ വിജയവഴിയിൽ എത്തി. ഇതുവരെ ജംഷദ്പൂർ ഈ സീസണിൽ പരാജയപ്പെട്ടിട്ടില്ല. 10 പോയന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ജംഷദ്പൂർ ഉള്ളത്. ഗോവ രണ്ടാം സ്ഥാനത്ത് ഉണ്ട്.