ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു ടോട്ടൻഹാം ആദ്യ നാലിൽ. ജയത്തോടെ നിലവിൽ ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിനെ മറികടന്ന ടോട്ടൻഹാം നാലാം സ്ഥാനത്തേക്ക് കയറി. സോണിന്റെ മികവിൽ ആണ് ടോട്ടൻഹാം മികച്ച ജയം സ്വന്തമാക്കിയത്. പന്ത് കൈവശം വക്കുന്നതിൽ ലെസ്റ്റർ ആയിരുന്നു മുന്നിട്ട് നിന്നത് എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ടോട്ടൻഹാം തന്നെ ആയിരുന്നു. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ സോണിന്റെ മികവ് തന്നെയാണ് ടോട്ടൻഹാം ജയത്തിൽ നിർണായകം ആയത്.
22 മത്തെ മിനിറ്റിൽ ടോട്ടൻഹാം മത്സരത്തിൽ മുന്നിലെത്തി. സോണിന്റെ പാസിൽ നിന്നു ക്യാപ്റ്റൻ ഹാരി കെയിൻ ആയിരുന്നു ലെസ്റ്റർ പ്രതിരോധം ഭേദിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ കുലുസെവിസ്കിയുടെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ സോൺ ടോട്ടൻഹാമിനു രണ്ടാം ഗോളും സമ്മാനിച്ചു. 79 മത്തെ മിനിറ്റിൽ കുലുസെവിസ്കിയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും മികച്ച ഷോട്ടിലൂടെ സോൺ കണ്ടത്തിയതോടെ ടോട്ടൻഹാം ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ യൂറി തിലമൻസിന്റെ പാസിൽ നിന്നു കീലച്ചി ഇഹനാച്ചോ ലെസ്റ്ററിന് ആശ്വാസ ഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ 11 സ്ഥാനത്ത് ആണ് ലെസ്റ്റർ സിറ്റി.