സോൺ ഹ്യുങ് മിൻ, ഈ പേര് കേൾക്കുമ്പോൾ എതിരാളികളുടെ മുഖത്ത് വരെ സന്തോഷം വരുന്നു. ഏഷ്യൻ ഫുട്ബോൾ നിരവധി ഇതിഹാസങ്ങളെ ലോക ഫുട്ബോളിന് നൽകിയിട്ടുണ്ട് എങ്കിലും യൂറോപ്പിൽ ചരിത്രങ്ങൾ കുറിച്ച വിരലിൽ എണ്ണാവുന്ന താരങ്ങളെ ഏഷ്യയിൽ നിന്ന് ഉണ്ടായിട്ടുള്ളൂ. ആ താരങ്ങളുടെ കൂട്ടത്തിൽ ഒന്നാമന്റെ സ്ഥാനം സോൺ എന്ന കൊറിയൻ താരം അർഹിക്കുന്നുണ്ടോ?
യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ വേദിയായ ചാമ്പ്യൻസ് ലീഗിന്റെ വേദിയിൽ അവസാന ഒരാഴ്ചക്ക് ഇടയിൽ സോൺ നടത്തിയ പ്രകടനം അദ്ദേഹത്തെ ഏഷ്യയുടെ അഭിമാനമായി തന്നെ മാറ്റിയിരിക്കുകയാണ്. ഇന്നലെ സോൺ നേടിയ ഗോളുകളോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏഷ്യൻ താരമായി സോൺ മാറിയിരുന്നു.
പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഏഷ്യൻ താരം, പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഏഷ്യൻ സ്കോറർ എന്നിങ്ങനെ റെക്കോർഡുകൾ ഒരോന്നും തന്റെ പേരിലേക്ക് മാറ്റുന്നുമുണ്ട് സോൺ. പക്ഷെ സോൺ ആണോ ഏഷ്യ യൂറോപ്പിന് നൽകിയ ഏറ്റവും മികച്ച ഫുട്ബോളർ എന്ന ചോദ്യത്തിന് ഇപ്പോഴും ഒരു എതിർ അഭിപ്രായമുണ്ട്.
പാർക് ജി സുങ് എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമാണ് ഏഷ്യയുടെ ഏറ്റവും വലിയ സംഭാവനയെന്ന് ഒരു വലൊയ വിഭാഗം ഫുട്ബാൾ ആരാധകർ പറയുന്നു. സോണിന്റെ അത്ര അറ്റാക്കിംഗ് ചുമതലയുള്ള താരമായിരുന്നില്ല പാർക്ക് എന്നതിനാൽ ഗോളുകളുടെ എണ്ണം കുറവായിരുന്നു. അതാണ് പാർകിനെ പലരും മറക്കാൻ കാരണം എന്നും ഫുട്ബോൾ നിരീക്ഷകരിൽ ഒരു വിഭാഗം പറയുന്നു.
സർ അലക്സ് ഫെർഗൂസന്റെ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു പാർക്ക്. വലിയ മത്സരങ്ങളിൽ വലിയ പ്രകടനങ്ങൾ കാഴ്ഹവെക്കുന്ന താരം. ഇറ്റാലിയൻ ഇതിഹാസം പിർലോയ്ക്ക് എതിരെ പാർക്ക് നടത്തിയ മാൻ മാർക്കിംഗ് പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ മാൻ മാർക്കിംഗിലെ വലിയ മാതൃകയായി ചൂണ്ടിക്കാണിക്ക പെടുന്ന ഒന്നാണ്.
പാർക്ക് നേടിയ കിരീടങ്ങളും പാർക്കിനെ സോണിന് മുകളിൽ കൊണ്ടു വെക്കുന്നു. നാലു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ക്ലബ് ലോകകപ്പും യുണൈറ്റഡിനൊപ്പം നേടിയ താരമാണ് പാർക്ക്. ഇതും കൂടാതെ 2002 ലോകകപ്പിൽ കൊറിയ സെമി വരെ എത്തിയപ്പോൾ കൊറിയയുടെ തുറുപ്പ്ചീട്ടായിരുന്നു പാർക്ക്.
സോൺ പാർക്ക് നേടിയ അത്ര കിരീടങ്ങൾ നേടിയാൽ സോണിനെ പാർക്കിനെക്കാൾ വലിയ താരമായി അംഗീകരിക്കാം എന്ന് ഒരു വിഭാഗം പറയുന്നു. കരിയറിൽ ഇതുവരെ ആകെ ഈ കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ കിരീടം മാത്രമാണ് സോണിന് സമ്പാദ്യമായുള്ളത്. എന്നാൽ പാർക്ക് കളിച്ചത് ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ബോൾ സ്ക്വാഡിൽ ഒന്നിനൊപ്പം ആണെന്നും ലോകം കണ്ട ഏറ്റവും വലിയ പരിശീലകന്റെ ഒപ്പം ആണെന്നും മറുവാദം ഉയരുന്നു. ആ ടീമിൽ നിന്ന് കിരീടം നേടുന്നത് വലിയ കാര്യമല്ല എന്നും സോണിന്റെ പക്ഷം പറയുന്നു.
എങ്ങനെ ആയാലും സോണിന്റെ അത്ര ആഘോഷിക്കപ്പെട്ട ഒരു അറ്റാക്കിങ് താരം ഏഷ്യൻ ഫുട്ബോളിൽ നിന്ന് വന്നിട്ടില്ല എന്നതാണ് സത്യം. പാർക്ക് ജി സുങിന്റെ മികവിനെ ആരും സംശയിക്കുന്നുമില്ല. ഈ തർക്കം വർഷങ്ങളോളം നീണ്ടു പോകും എങ്കിലും ഏഷ്യയിൽ നിന്ന് ഇങ്ങനെ രണ്ട് ഫുട്ബോൾ താരങ്ങളെ കിട്ടിയതിൽ സന്തോഷിക്കുകയാണ് വേണ്ടത്.