സൂര്യകുമാർ ഇന്ത്യ കണ്ട ഏറ്റവും മികച്ച 360 ബാറ്റ്സ്മാൻ ആണെന്ന് ആരും ഇനി പ്രത്യേകിച്ച് പറയേണ്ടതില്ല. ഇന്ന് സിംബാബ്‌വെക്ക് എതിരെ ഇരുപതാം ഓവറിൽ നഗാവരയെ സ്കൈ അടിച്ച ഒരു സിക്സ് മതി സ്കൈയുടെ ക്വാളിറ്റി അറിയാൻ. നഗാവര ഓഫ്സൈഡിന് പുറത്ത് എറിഞ്ഞ ഒരു ലോ ഫടോസ് തന്റെ മുട്ടു കുത്തി ഡീപ് ബാക്ക് വാർഡ് സ്ക്വയർ ലഗിലേൽക് സ്വൈപ്പ് ചെയ്ത് സ്കൈ നേടിയ സിക്സ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഷോട്ടിൽ ഒന്നാകും. കോഹ്ലി റഹൂഫിനെതിരെ നേടിയ സിക്സിനൊപ്പം നിൽക്കുന്ന ഒരു സിക്സ്. ഈ സിക്സിൽ ഒതുങ്ങി നിൽക്കുന്നില്ല സ്കൈയുടെ ഇന്നത്തെ ഷോട്ട് വൈവിധ്യങ്ങൾ. ഫീൽഡിനെ നാലു ഭാഗത്തും ഓടിച്ച ഷോട്ടുകൾ ആണ് ഇന്ന് സ്കൈയുടെ ബാറ്റിൽ നിന്ന് പിറന്നത്. നാലു സിക്സും 6 ഫോറുകളും അടങ്ങിയ ഇന്നിങ്സ്. ഈ ലോകകപ്പിൽ ഇതുവരെ 225 റൺസ് സ്കൈ ഇന്ത്യക്ക് ആയി നേടി. 193 സ്ട്രേക്ക് റേറ്റും 75 ശരാശരിയും. ഇന്നത്തെ ഇന്നിങ്സോടെ ഈ വർഷം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസും സ്കൈ കടന്നു. ടി20 ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഒരു താരം കലണ്ടർ ഇയറിൽ 1000 റൺസ് കഴിയുന്നത്.