സിംബാവെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 186 റൺസ്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 186 റൺസ് എടുത്തത്. ഇന്ത്യക്കായി രാഹുലും സൂര്യകുമാറും ആണ് ബാറ്റു കൊണ്ട് തിളങ്ങിയത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യ സിംബാബ്‌വെക്ക് എതിരെ നന്നായല്ല തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 പന്തിൽ നിന്ന് 15 റൺസുമായി മുസരബാനിയുടെ പന്തിൽ പുറത്തായി. ഫോമിലേക്ക് തിരികെയെത്തിയ കെ എൽ രാഹുൽ ആണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 35 പന്തിൽ 51 റൺസ് എടുത്തു രാഹുൽ മികച്ച ഇന്നിങ്സ് തന്നെ സിഡ്നിയെ ആരാധകർക്ക് മുന്നിൽ കാഴ്ചവെച്ചു. 3 ഫോറും 3 സിക്സും അടങ്ങുന്ന ഇന്നിങ്സ്. ഒരു കൂറ്റൻ അടിക്ക് ശ്രമിക്കുന്നതിനിടയിൽ സിക്സ് ലൈനിൽ ക്യാച്ച് നൽകി രാഹുൽ പുറത്തായി.
വിരാട് കോഹ്ലിയും കൂറ്റൻ അടിക്ക് ശ്രമിക്കവെ ആണ് ഔട്ട് ആയത്. കോഹ്ലി 25 പന്തിൽ നിന്ന് 26 റൺസ് മാത്രമെ എടുത്തുള്ളൂ. കാർത്തികിന് പകരം കളിക്കാൻ എത്തിയ പന്ത് ആകെ മൂന്ന് റൺസെ എടുത്തുള്ളൂ. റയാൻ ബേർലിന്റെ ഒരു ലോകോത്തര ക്യാച്ച് ആണ് പന്തിന്റെ പുറത്താകലിന് കാരണമായത്.
പിന്നീട് സൂര്യകുമാറും ഹാർദ്ദികും ഒന്നിച്ചു. സൂര്യകുമാറിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ ഒഴുകി. സ്കൈ 22 പന്തിൽ നിന്ന് തന്റെ അർധ സെഞ്ച്വറി കഴിഞ്ഞു. അവസാന ഓവറിൽ നഗരവയെ സ്കൈ അടിച്ച ആദ്യ സിക്സ് ഈ ലോകകപ്പിലെ തന്നെ ഏറ്റവു മികച്ച ഷോട്ടുകളിൽ ഒന്നാകും. സ്കൈ 25 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. 4 സിക്സും 6 ഫോറും ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഈ വർഷം ടി20യിൽ 1000 റൺസ് എന്ന നേട്ടവും സ്കൈ മറി കടന്നു. ഹാർദ്ദിക് 17 പന്തിൽ നിന്ന് 18 റൺസുമായി സൂര്യകുമാറിന് പിന്തുണ നൽകി.