റൊണാൾഡോയുടെ രക്ഷപ്പെടുത്തൽ, അതും ഇഞ്ച്വറി ടൈമിൽ കളിയിലെ അവസാന കിക്കിൽ. ഇന്ന് ഓൾഡ്ട്രാഫോർഡിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ഹീറോ ആയത് റൊണാൾഡോ തന്നെ ആയിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ വിജയം.
അത്ര നല്ല തുടക്കം ആയിരുന്നില്ല ഇന്ന് യുണൈറ്റഡിന് ലഭിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇന്ന് ആദ്യ പകുതിയിൽ വിയ്യറയൽ വട്ടം കറക്കുന്നതാണ് കണ്ടത്. പോഗ്ബയെയും മക്ടോമിനെയെയും മധ്യനിരയിൽ ഇറക്കിയ യുണൈറ്റഡിന് ഗ്രൗണ്ടിന് മധ്യത്തിൽ കളി നിയന്ത്രിക്കാൻ ആയില്ല. ഡിഹിയയുടെ അത്ഭുത പ്രകടനം ഇല്ലായിരുന്നു എങ്കിൽ ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലോ അഞ്ചോ ഗോളുകൾക്ക് പിറകിൽ ആയേനെ. നാലു ഗംഭീര സേവുകൾ ആണ് ഡി ഹിയ ആദ്യ പകുതിയിൽ നടത്തിയത്. അൽ കാസറും ഡെഞ്ചുമയും നിരവധി അവസരങ്ങൾ ആണ് പാഴാക്കിയത്.
മഗ്വയർ, വാൻ ബിസാക, ലൂക് ഷോ എന്നിവരുടെ അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനും താളം കിട്ടിയില്ല. റൈറ്റ് ബാക്കായി ഇറങ്ങിയ ഡാലോട്ട് തീർത്തും പരാജയമായതും യുണൈറ്റഡിന് പ്രശ്നമായി. മറുവശത്ത് കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാനും യുണൈറ്റഡിനായില്ല. വിയ്യറയൽ ഗോൾ കീപ്പർക്ക് നല്ല ഒരു സേവ് വരെ ചെയ്യേണ്ടി വന്നില്ല.
രണ്ടാം പകുതിയിൽ ഡാലോട്ടിന്റെ ഭാഗത്തു കൂടെ തന്നെ വിയ്യ റയലിന്റെ ഗോൾ വന്നു. 53ആം മിനുട്ടിൽ അൽകാസർ ആണ് ഗോൾ സ്കോർ ചെയ്തത്. ഡഞ്ചുമ കൊടുത്ത പാസ് സ്ട്രൈക്കർ ടച്ചോടെ അൽ കാസർ വലയിൽ എത്തിച്ചു. വിയ്യറയൽ അർഹിച്ചിരുന്ന ഗോളായിരുന്നു ഇത്.
പതിവു പോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ഊർജ്ജം ലഭിച്ചു. 59ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് യുണൈറ്റഡിന്റെ സമനില ഗോളിൽ കലാശിച്ചു. ട്രെയിനിങ് ഗ്രൗണ്ടിലെന്ന പോലെ ഫ്രീകിക്ക് നിന്ന് ബ്രൂണോ ഫെർണാണ്ടസ് പെനാൾട്ടി ബോക്സിന് പുറത്ത് ആരും മാർക്ക് ചെയ്യാതെ നിൽക്കുക ആയിരുന്ന അലക്സ് ടെല്ലസിനെ കണ്ടെത്തി. ടെല്ലസിന്റെ ഇടം കാലൻ വോളിൽ വിയ്യറയലിനെ ആകെ ഞെട്ടിച്ച് വലയിൽ പതിച്ചു. സ്കോർ 1-1.
ഇതിനു ശേഷം കളിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത് യുണൈറ്റഡ് തന്നെ ആയിരുന്നു. കവാനിയെയും ലിംഗാർഡിനെയും ഇറക്കി ഒലെ അറ്റാക്ക് കൂടുതൽ ശക്തമാക്കി. കളിയിൽ 95ആം മിനുട്ടിൽ കവാനി തുടങ്ങി വെച്ച അറ്റാക്ക് റൊണാൾഡോയിൽ എത്തി. പന്ത് റൊണാൾഡോ ലിംഗാർഡിന് കൈമാറുകയും താ തിരികെ റൊണാൾഡോക്ക് പാസ്ക്കൊടുക്കുകയും ചെയ്തു. റൊണാൾഡോക്ക് അവിടെ ലക്ഷ്യം തെറ്റിയില്ല. ജേഴ്സി വലിച്ച് ചാടി റൊണാൾഡോ തന്റെ ഹൾക്ക് സെലിബ്രേഷനും നടത്തിയാണ് ഗോൾ ആഘോഷിച്ചത്. യുണൈറ്റഡിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്.