ഏഷ്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബംഗ്ലാദേശിനു മേല്‍ വിജയം. 25 റണ്‍സിന്റെ വിജയമാണ് ഇന്ന് പുലര്‍ച്ചെ നടന്ന ആദ്യ മത്സരത്തില്‍ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 97/7 എന്ന സ്കോറിനു എറിഞ്ഞ് പിടിക്കുവാന്‍ ബംഗ്ലാദേശ് ബൗളിംഗ് നിരയ്ക്ക് സാധിച്ചുവെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 72 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.
31 റണ്‍സ് നേടിയ ശശികല സിരിവര്‍ദ്ധനേയുടെ ബാറ്റിംഗ് ആണ് ശ്രീലങ്കയെ 97 റണ്‍സിലേക്ക് എത്തിക്കുന്നത്. അവസാന ഓവറിലാണ് താരം പുറത്തായത്. ദിലാനി മനോദര(16), ചാമരി അട്ടപ്പട്ടു(12), നീലാക്ഷി ഡി സില്‍വ(12) എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ബംഗ്ലാദേശിനായി ജഹനാര ആലം മൂന്ന് വിക്കറ്റ് നേടി തിളങ്ങി.
നിഗാര്‍ സുല്‍ത്താന നേടിയ 20 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റു ബംഗ്ലാദേശ് താരങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ടത്ര സംഭാവന ടീമിനായി നടത്തുവാന്‍ സാധിച്ചില്ല. അയഷ റഹ്മാനും റിതു മോനിയും 11 റണ്‍സ് വീതം നേടി പുറത്തായി. അവസാന പന്തില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 72 റണ്‍സാണ് ടീമിനു നേടാനായത്.
ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു മൂന്ന് വിക്കറ്റ് നേടി. ശശികല സിരിവര്‍ദ്ധനേ ബൗളിംഗിലും തിളങ്ങി. 4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടു നല്‍കി 2 വിക്കറ്റാണ് താരം നേടിയത്. ഉദ്ദേശിക പ്രബോധിനിയും രണ്ട് വിക്കറ്റ് നേടി. 2.5 ഓവറില്‍ 6 റണ്‍സ് മാത്രമാണ് പ്രബോധിനി വഴങ്ങിയത്.