ആവേശപ്പോരാട്ടത്തിനൊടുവില്‍ മെഡലുറപ്പാക്കി സിന്ധുവും

- Advertisement -

തായ്‍ലാന്‍ഡിന്റെ നിച്ചാവോണ്‍ ജിന്‍ഡാപോളിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തി പിവി സിന്ധു. ജയത്തോടെ വനിത സിംഗിള്‍സ് സെമിയില്‍ കടന്നത് വഴി ഇന്ത്യയ്ക്കായി ഒരു മെഡല്‍ സിന്ധു ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ സഹതാരം സൈന നെഹ്‍വാലും സിംഗിള്‍സ് സെമിയില്‍ കടന്നിട്ടുണ്ട്. 21-11, 16-21, 21-14 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-7നു സിന്ധു മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം അതിവേഗം പോയിന്റുകള്‍ നേടിയ സിന്ധു 15-9നു ലീഡ് നേടുകയും തുടര്‍ന്ന് ഗെയിം 21-11 എന്ന സ്കോറിനു സ്വന്തമാക്കുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം തായ്‍ലാന്‍ഡ് താരത്തിനു 4 പോയിന്റ് മാത്രമേ നേടാനായുള്ളു.

എന്നാല്‍ രണ്ടാം ഗെയിമില്‍ തായ്‍ലാന്‍ഡ് താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ സിന്ധുവിനു മേല്‍ ലീഡ് താരം നേടിയെങ്കിലും ഇടവേള സമയത്ത് 11-8ന്റെ ലീഡ് സിന്ധു തന്നെ നിലനിര്‍ത്തി. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മത്സരം കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. താരം സിന്ധുവിനൊപ്പമെത്തുകയും പിന്നീട് 16-13നു ലീഡ് നേടുകയും ചെയ്തുവെങ്കിലും തുടരെ പോയിന്റുകളുമായി സിന്ധു സ്കോര്‍ ഒപ്പത്തിലെത്തിച്ചു. എന്നാല്‍ പിന്നീട് സിന്ധുവിനു ഒരു പോയിന്റ് പോലും നല്‍കാതെ ജിന്‍ഡാപോള്‍ ഗെയിം 21-16നു സ്വന്തമാക്കി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.

മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ സിന്ധുവിനു മേല്‍ ജിന്‍ഡാപോള്‍ മേല്‍ക്കൈ നേടുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ 7-7നു ഇരു താരങ്ങളും ഒപ്പമെത്തിയ ശേഷം സിന്ധു ഇടവേള സമയത്ത് 11-7ന്റെ വ്യക്തമായ ലീഡ് നേടി. ഇടവേളയ്ക്ക് ശേഷം സിന്ധു തായ്‍ലാന്‍ഡ് താരത്തിനു തിരിച്ചുവരവിനു അവസരം നല്‍കാതെ മത്സരം 21-14 എന്ന സ്കോറിനു സ്വന്തമാക്കി.

 

Advertisement