മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന ദശകത്തിലെ ഏറ്റവും മികച്ച താരമായ ഡേവിഡ് സിൽവയെ ഇനി ആ നീല ജേഴ്സിയിൽ കാണില്ല. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ക്ലബ് പുറത്തായതോടെ സിൽവയുടെ സിറ്റി കരിയർ അവസാനിച്ചിരിക്കുകയാണ്. ഈ സീസണോടെ ക്ലബ് വിടും എന്ന് വ്യക്തമാക്കിയിരുന്ന സിൽവ ചാമ്പ്യൻസ് ലീഗ് കിരീടവുമായി മടങ്ങാം എന്നായിരുന്നു കരുതിയത്. എന്നാൽ ആ സ്വപ്നം ഇന്നലെ തകർന്നു.
ചാമ്പ്യൻസ് ലീഗ് ഒഴികെ ബാക്കി എല്ലാ കിരീടവും സിറ്റിക്ക് നേടിക്കൊടുക്കാൻ സിൽവക്ക് കഴിഞ്ഞിരുന്നു. സിറ്റിയെ ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി ആക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് ഡേവിഡ് സിൽവ. അവസാന പത്തു വർഷമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും പ്രധാന താരമായി യൂറോപ്പിനെ വിറപ്പിക്കാൻ സിൽവക്കായി.
മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു. 2010ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ സിറ്റിക്കായി 436 മത്സരങ്ങൾ കളിച്ചു. താരം ആകെ 77 ഗോളുകളും സിറ്റിക്കു കേണ്ടി നേടി. അഞ്ച് ലീഗ് കപ്പും രണ്ട് എഫ് എ കപ്പും ഉൾപ്പെടെ 11 കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം സിൽവ നേടിയത്. ഇനി താരം ഇറ്റലിയിലേക്ക് പോകും എന്നാണ് കരുതപ്പെടുന്നത്.