ക്രിക്കറ്റിനെ പണച്ചാക്കുകൾ ഹൈജാക്ക് ചെയ്യുമ്പോൾ
കഴിഞ്ഞ ദിവസം ശ്രേയസ് അയ്യർ പറഞ്ഞ ഒരു കാര്യം എല്ലാവരും അമ്പരപ്പോടെയാണ് കേട്ടത്. കെകെആർ ടീം സിലക്ഷൻ കാര്യങ്ങളിൽ കോച്ചിനെയും ക്യാപ്റ്റനേയും കൂടാതെ ടീം സിഇഒയും കൈകടത്തുന്നു എന്ന്.
ഐപിഎല്ലിൽ എന്നല്ല ഏത് ഫോർമാറ്റിൽ ആയാലും ടീം സിലക്ഷനിൽ കോച്ചിനും മാനേജർക്കും അല്ലാതെ ആർക്കും തീരുമാനം എടുക്കാൻ അവകാശമില്ല. പക്ഷെ ഈ സീസണിൽ 20 കളിക്കാരെ ഇതു വരെ ഗ്രൗണ്ടിൽ ഇറക്കിയ കൊൽക്കത്ത ടീമിന്റെ കാര്യത്തിൽ ബാഹ്യ ഇടപെടൽ നടക്കുന്നു എന്നത് ലജ്ജാകരമായ കാര്യമാണ്. ഇത്രയധികം കളിക്കാരെ പരീക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ക്രിക്കറ്റിങ് മൈൻഡിന്റെ മാത്രം ആപ്ലിക്കേഷൻ കാരണമല്ല എന്നു നേരത്തെ ശ്രുതിയുണ്ടായിരുന്നു. ഇപ്പോൾ അത് അയ്യർ ശരി വച്ചിരിക്കുന്നു.
പൈസ ഇറക്കിയവർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട് എന്നൊക്കെ മുതലാളിമാർക്ക് തോന്നിയേക്കാം, പക്ഷേ പിച്ചിലെ കണക്കുകൾ 1+1=2 എന്ന പോലെ സിമ്പിളല്ല എന്ന് അവർക്ക് മനസ്സിലാകില്ല. ഇവർക്ക് ഇതിനുള്ള അവകാശം നൽകി തുടങ്ങിയാൽ, കളിക്കാരെ തീരുമാനിക്കുന്ന വിഷയത്തിൽ മറ്റ് മാനദണ്ഡങ്ങളും അധികം താമസിയാതെ കയറിക്കൂടും. പറഞ്ഞു വരുന്നത് വിപണി ശക്തികളുടെ കടന്നു കയറ്റത്തെ കുറിച്ചാണ്. തങ്ങളുടെ ബ്രാൻഡ് അംബാസിഡറായ കളിക്കാർക്ക് അവസരം കൊടുക്കാൻ ബാഹ്യശക്തികൾ ഇടപെട്ട് കൂടെന്നില്ല.
നിങ്ങൾ കളി ഒരു ടീം മാനേജ്‌മെന്റിനെ ഏൽപ്പിച്ചു കഴിഞ്ഞാൽ, പിന്നെ കാര്യങ്ങൾ അവർക്ക് വിട്ടേക്കുക. പിന്നീടുള്ള ഓരോ ഇടപെടലുകൾ അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനം എടുക്കാനും ബുദ്ധിമുട്ടുണ്ടാക്കും. അവരുടെ ഗെയിം പ്ലാനിൽ ഇത് വലിയ ചോദ്യങ്ങൾ ഉയർത്തും. മാത്രമല്ല, ഉത്തരവാദിത്വം ആർക്ക് മേലാണ് എന്നതും ഒരു പ്രശ്നമാകും.
ഇത് കെകെആറിൽ മാത്രമായി നടന്ന ഒരു സംഭവമാണ് എന്ന് കരുതാൻ വയ്യ. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച കളിക്കാരനും, ചെന്നൈ ടീമിന്റെ ചിന്നത്തലയുമായിരുന്ന സുരേഷ് റെയ്‌ന ടീമിന് പുറത്തേക്ക് പോകാനും, പിന്നീട് ഐപിഎല്ലിൽ നിന്നു തന്നെ പുറത്തേക്ക് പോകാനും കാരണം ക്രിക്കറ്റ് ആയിരിന്നില്ല എന്ന് നമുക്ക് അറിയാവുന്നതാണ്.
നേരത്തേക്കാൾ ഏറെ, മാനേജ്മെന്റും ടീമും ബയോബബിളിൽ ഒന്നിച്ചു കഴിയുമ്പോൾ, തങ്ങൾക്കും കളിയൊക്കെ അറിയാം എന്നു ബിസിനസ് എക്സിക്യൂട്ടീവ്കൾക്ക് സ്വയം തോന്നുന്നതിന്റെ കൂടി കുഴപ്പമാണ്. അവർക്ക് ഓണ് ദി ജോബ് ട്രെയിനിങ് ആണല്ലോ ശീലം.
ഇതിൽ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം, മുൻകാല ഇന്ത്യൻ കളിക്കാർ ആരും തന്നെ ഈ സംഭവത്തെ വേണ്ട രീതിയിൽ അപലപിച്ചില്ല എന്നതാണ്. മുതലാളിമാരെ മുഷിപ്പിക്കാൻ അവർക്കും മടിയാകുന്നത് കൊണ്ടാകും. പക്ഷെ ഈ രീതിയിൽ മുന്നോട്ട് പോകുന്നത് കളിയെയും കളിക്കാരെയും പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ ഡിആർഎസ് എടുക്കേണ്ട കാര്യമില്ല എന്നാണ് കളിയെ സ്നേഹിക്കുന്നവരുടെ അഭിപ്രായം