കേരള പ്രീമിയർ ലീഗിൽ സീസണിടക്ക് വീണ്ടും പ്രതിസന്ധികൾ. കേരള പ്രീമിയർ ലീഗിൽ നിന്ന് കോഴിക്കോട് ക്ലബായ ക്വാർട്സ് പിന്മാറാൻ തീരുമാനിച്ചതായാണ് വിവരങ്ങൾ. സാമ്പത്തിക പ്രതിസന്ധി താങ്ങാൻ കഴിയാത്തത് കാരണം ക്വാർട്സ് കെ എഫ് എയെ തങ്ങളുടെ പിന്മാറ്റം അറിയിക്കുകയായിരുന്നു. രണ്ട് സീസൺ മുമ്പും ക്വാർട്സ് ഇതുപോലെ സീസൺ പകുതിക്ക് വെച്ച് കളി നിർത്തി പോയിരുന്നു.
എന്നാൽ കഴിഞ്ഞ സീസണിൽ വീണ്ടും തിരികെ വന്ന ക്വാർട്സ് നല്ല പ്രകടനങ്ങൾ കഴിഞ്ഞ വർഷം കെ പി എല്ലിൽ കാഴ്ചവെച്ചു. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായിരുന്നു ക്വാർട്സ്. ഇത്തവണ കേരള പ്രീമിയർ ലീഗ് തുടങ്ങി ഇത്ര കാലമായിട്ടും ക്വാർട്സ് ഒരു മത്സരം കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ക്വാർട്സിന്റെ പിന്മാറ്റം ലീഗിനെ ബാധിക്കില്ല എന്നാണ് കെ എഫ് എയുടെ വിശ്വാസം.
ക്വാർട്സിന് പകരം ഷൂട്ടേഴ്സ് പടന്നയെ കേരള പ്രീമിയർ ലീഗിൽ കളിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. വടക്കൻ മലബാറിൽ നിന്ന് ഒരു ക്ലബ് കേരള പ്രീമിയർ ലീഗിൽ കളിക്കുന്നത് ഇതാദ്യമാകും. സെവൻസ് ഫുട്ബോളിൽ പ്രശസ്തമായ ക്ലബാണ് ഷൂട്ടേഴ്സ് പടന്ന. മികച്ച ആരാധക പിന്തുണയുള്ള ഷൂട്ടേഴ്സ് കേരള പ്രീമിയർ ലീഗിൽ എത്തുന്നത് കേരള ഫുട്ബോളിനും ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു.
ഗ്രൂപ്പ് ബിയിൽ ഗോകുലം കേരള എഫ് സി, കോവളം എഫ് സി, ഗോൾഡൻ ത്രഡ്സ്, എഫ് സി കേരള എന്നിവർക്ക് ഒപ്പമാകും ഷൂട്ടേഴ്സ് പടന്ന ലീഗിൽ മത്സരിക്കാൻ ഇറങ്ങുക.