ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനം, 8 വിക്കറ്റ് വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

Sports Correspondent

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ഗയാന ആമസോണ്‍ വാരിയേഴ്സ്. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഗയാന മറികടന്നു. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 47 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം 23 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കും മികച്ച പിന്തുണ നല്‍കി. ചന്ദ്രപോള്‍ ഹേംരാജ്(39), ബ്രണ്ടന്‍ കിംഗ്(27) എന്നിവരാണ് ഗയാനയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 62 റണ്‍സ് നേടിയ ഡെവണ്‍ തോമസ് ആണ് 153 എന്ന സ്കോറിലേക്ക് നയിച്ചത്. ഫാബിയന്‍ അല്ലെന്‍ 19 പന്തില്‍ 33 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഗയാനയ്ക്ക് വേണ്ടി ഷദബ് ഖാനും ബെന്‍ ലൗഗ്ലിനും രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.