ലോകത്തെ പ്രമുഖ സ്പോർട്സ് ഗ്രൂപ്പുകളിൽ ഒന്നായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ് കേരള ക്ലബായ ക്വാർട്സ് ക്ലബിനെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി കേരള യുണൈറ്റഡ് എന്ന് പേരു മാറ്റിയ ക്വാർട്സിനെ യുണൈറ്റഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഗ്രൂപ്പിന്റെ നാലാമത്തെ ഫുട്ബോൾ ക്ലബാണ് കേരള യുണൈറ്റഡ്.
കഴിഞ്ഞ മാസം തന്നെ ക്വാർട്സ് സ്വന്തമാക്കി ക്ലബിന്റെ പേര് കേരള യുണൈറ്റഡ് എന്നാക്കിയിരുന്നു. ഇന്ന് മാത്രമാണ് പക്ഷെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. കേരള യുണൈറ്റഡ് പൂർണ്ണമായും യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായി. ക്ലബ് കോഴിക്കോട് ആസ്ഥാനമായി തന്നെ ആകും പ്രവർത്തിക്കുക. കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷനിലും ഒക്കെ മുമ്പ് കളിച്ചിട്ടുള്ള ക്വാർട്സ് ഇനി പുതിയ പേരിൽ ദേശീയ ക്ലബായി ഉയരാനാകും ശ്രമിക്കുക.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ്, ബെൽജിയം ക്ലബായ ബീർചോട് ക്ലബ്, യു എ ഇ ക്ലബായ അൽ ഹിലാൽ എന്നിവരാണ് യുണൈറ്റഡ് ഗ്രൂപ്പിന്റെ കീഴിൽ ഉള്ള മറ്റു ക്ലബുകൾ. സൗദി രാജ കുടുംബത്തിൽ ഉള്ള അബ്ദുൽ അസീസൽ സൗദ് ആണ് യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമ.
Sheffield United 🤝 @KeralaUnitedFC
United World continues to grow. 🌍 pic.twitter.com/Gi25P7vpZ0
— Sheffield United (@SheffieldUnited) November 20, 2020