ഒമാന്‍ ഓപ്പണ്‍, ശരത് കമാല്‍ ഫൈനലില്‍

- Advertisement -

ഒമാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശരത് കമാല്‍. റഷ്യയുടെ കിറില്‍ സ്കാച്ചകോവിനെതിരെയ തീപാറും പോരാട്ടത്തിലാണ് ശരത് കമാലിന്റെ വിജയം. 4-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ സീനിയര്‍ താരത്തിന്റെ വിജയം. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരം ഹര്‍മീത് ദേശായി സെമി ഫൈനലില്‍ പരാജയമേറ്റിരുന്നു. ഇന്ത്യയുടെ സീനിയര്‍ താരം അശാന്ത ശരത് കമാല്‍ ആദ്യ രണ്ട് ഗെയിമും നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ആദ്യ രണ്ട് ഗെയിമുകളിലും അവസാനം വരെ പൊരുതിയെങ്കിലും ശരത് കമാല്‍ പിന്നില്‍ പോകുകയായിരുന്നു. മൂന്നും നാലും ഗെയിമുകളില്‍ വിജയം കൈവരിച്ച് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അഞ്ചാം ഗെയിമില്‍ താരം 5-9ന് ഏറെ പിന്നിലായി. എങ്കിലും 10-10ന് ഒപ്പമെത്തിയ ശരത്ത് 13-11ന് ഗെയിം വിജയിച്ച് മത്സരത്തില്‍ ആദ്യമായി മുന്നിലെത്തി.

ആറാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയെങ്കിലും അവസാന നേട്ടം റഷ്യന്‍ താരത്തിനായിരുന്നു. എന്നാല്‍ ഏഴാം ഗെയിമില്‍ 11-7ന് വിജയം ശരത് സ്വന്തമാക്കി ഫൈനലിലേക്ക് കടന്നു.

സ്കോര്‍: 11-13, 11-13, 13-11,11-9, 13-11, 8-11,11-7

Advertisement