സബീന പാർക്കിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഓസ്‌ട്രേലിയ 225 റൺസിന് പുറത്തായി. ഷമാർ ജോസഫിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനം ആണ് വെസ്റ്റ് ഇൻഡീസിന് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ, വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയെക്കാൾ 209 റൺസ് പിന്നിലാണെങ്കിലും, ആതിഥേയർക്ക് ലീഡ് നേടാൻ ആകും എന്ന് പ്രതീക്ഷയുണ്ട്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ കഴിഞ്ഞില്ല. സ്റ്റീവൻ സ്മിത്ത് 48 റൺസെടുത്ത് ടോപ് സ്കോററായെങ്കിലും, കാമറൂൺ ഗ്രീൻ (46), പാറ്റ് കമ്മിൻസ് (24) എന്നിവർക്ക് ഉൾപ്പെടെ ആർക്കും വലിയ സ്കോർ നേടാൻ ആയില്ല. വെസ്റ്റ് ഇൻഡീസ് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഓസ്‌ട്രേലിയക്ക് ഒരിക്കലും നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. 33 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ഷമാർ ജോസഫാണ് വെസ്റ്റ് ഇൻഡീസിനായി തിളങ്ങിയത്. ജയ്ഡൻ സീൽസും ജസ്റ്റിൻ ഗ്രീവ്സും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
200 റൺസ് കടന്നതിന് ശേഷം ഓസ്‌ട്രേലിയ അതിവേഗം തകർന്നു. വെറും 27 റൺസിനിടെ അവസാന അഞ്ച് വിക്കറ്റുകൾ അവർക്ക് നഷ്ടമായി.
വെസ്റ്റ് ഇൻഡീസ് വളരെ ശ്രദ്ധയോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. കെവ്‌ലോൺ ആൻഡേഴ്സനെ (3) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചെങ്കിലും, ബ്രാൻഡൻ കിംഗും ക്യാപ്റ്റൻ റോസ്റ്റൺ ചേസും കളി അവസാനിക്കുന്നത് വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ നിന്നു.