ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടം കടുക്കുന്നു, കിരീടത്തിനു ആയി മിലാൻ ക്ലബുകളും നാപോളിയും തമ്മിൽ വലിയ പോരാട്ടം ആണ് നടക്കുന്നത്. നിലവിൽ 26 കളികളിൽ 56 പോയിന്റുകളുമായി എ.സി മിലാൻ ആണ് ലീഗിൽ ഒന്നാമത്. അതേസമയം 25 കളികളിൽ നിന്നു 54 പോയിന്റുകളും ആയി ഇന്റർ മിലാൻ രണ്ടാമത് നിൽക്കുമ്പോൾ 26 കളികളിൽ നിന്നു 54 പോയിന്റുകൾ ഉള്ള നാപോളി മൂന്നാം സ്ഥാനത്ത് ആണ്. തങ്ങളുടെ ഒന്നാം സ്ഥാനത്തെ മുൻതൂക്കം സമനില വഴങ്ങിയ എ.സി മിലാനു സാധിക്കാത്ത ഈ ആഴ്ച ഇന്റർ മിലാൻ സസുവോലോക്ക് മുന്നിൽ വീണു. അതേസമയം രാത്രി കാഗ്ലാരിയെ നേരിട്ട നാപോളി ജയം കണ്ടു ഒന്നാം സ്ഥാനത്ത് എത്താൻ ആയിരുന്നു ഇറങ്ങിയത്. എന്നാൽ സമനില വഴങ്ങിയ അവർ മൂന്നാം സ്ഥാനത്ത് തുടരും.
ഗാസ്റ്റൺ പെരെയിരോയുടെ ഗോളിൽ പിറകിൽ പോയ നാപോളി 87 മത്തെ മിനിറ്റിൽ മരിയോ റൂയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ വിക്ടർ ഒസ്മിഹൻ നാപോളിയെ പരാജയത്തിൽ നിന്നു രക്ഷിക്കുക ആയിരുന്നു. മൂന്നു ക്ലബുകൾക്കും വലിയ പരീക്ഷണങ്ങൾ ഇനിയും കാത്തിരിക്കുന്നു എന്നതിനാൽ തന്നെ ആരു കിരീടം നേടും എന്നു ഇപ്പോൾ പ്രവചിക്കാൻ ആവില്ല. കിരീടം നിലനിർത്താൻ ഇന്ററും വർഷങ്ങൾക്ക് ശേഷം കിരീടം നേടാൻ മിലാനും മറഡോണ യുഗത്തിന് ശേഷം കിരീടം എന്ന സ്വപ്നം തേടി നാപോളിയും ഇറങ്ങുമ്പോൾ ഇറ്റലിയിൽ വരും മത്സരങ്ങൾ തീപാറും എന്നുറപ്പാണ്. അതേസമയം ആദ്യ നാലിന് ആയും ഇറ്റലിയിൽ കടുത്ത പോരാട്ടം ആണ് നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി യുവന്റസ്, അറ്റലാന്റ, ലാസിയോ, ഫിയറന്റീന, റോമ ക്ലബുകൾ തമ്മിൽ വലിയ മത്സരം ആണ് നടക്കുന്നത്.