സീരി എയിൽ വെനഷിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു നാപോളി. ജയത്തോടെ ലീഗിൽ 52 പോയിന്റുകളും ആയി ഇന്റർ മിലാനു ഒരു പോയിന്റ് മാത്രം പിന്നിൽ രണ്ടാമത് എത്തി നാപോളി. ഇന്ററിനെക്കാൾ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട് നാപോളി, നിലവിൽ എ. സി മിലാനും നാപോളിക്കും ലീഗിൽ ഒരേ പോയിന്റ് ആണ്. ഗോൾ വ്യത്യാസത്തിൽ പക്ഷെ നാപോളി ആണ് മുന്നിൽ. തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന വെനഷിയ നാപോളിയെ മത്സരത്തിൽ പ്രതിരോധിച്ചു നിൽക്കുന്നത് ആണ് കാണാൻ ആയത്.
എന്നാൽ മുഖത്തിനു ഏറ്റ പരിക്ക് കാരണം നവംബർ മുതൽ വിശ്രമത്തിൽ ആയിരുന്ന വിക്ടർ ഒസിമിഹൻ തന്റെ തിരിച്ചു വരവ് മത്സരത്തിൽ നാപോളിക്ക് രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ഗോൾ സമ്മാനിച്ചു. മറ്റെയോ പൊളിറ്റാനയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആയിരുന്നു താരത്തിന്റെ ഗോൾ. സീസണിൽ ലീഗിൽ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്. തുടർന്നു ഗോൾ തിരിച്ചടിക്കാൻ വെനഷിയ ശ്രമിച്ചു എങ്കിലും ഇഞ്ച്വറി സമയത്ത് ടൈയ്റോൻ എബുഹി ചുവപ്പ് കാർഡ് കണ്ടത് അവർക്ക് തിരിച്ചടിയായി. റഫറി ആദ്യം മഞ്ഞ കാർഡ് ആണ് നൽകിയത് എങ്കിലും വാറിലൂടെ അത് ചുവപ്പ് കാർഡ് ആവുക ആയിരുന്നു. തുടർന്ന് ഇഞ്ച്വറി സമയത്തെ പത്താം മിനിറ്റിൽ ഗോൾ കണ്ടത്തിയ ആന്ധ്രയ പെറ്റാഗ്‌ന നപോളി ജയം പൂർത്തിയാക്കുക ആയിരുന്നു.