ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള നിർണായക പോരാട്ടത്തിൽ അറ്റലാന്റയോട് നിർണായക സമനില നേടി യുവന്റസ്. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ബ്രസീലിയൻ താരം ഡാനിലോയാണ് യുവന്റസിനു സമനില സമ്മാനിച്ചത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ ഗോൾ മാത്രം ആണ് വരാൻ വൈകിയത്. ഇടക്ക് അറ്റലാന്റയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. യുവന്റസ് പ്രതിരോധത്തിൽ ഡി ലിറ്റ് അവർക്ക് പലപ്പോഴും രക്ഷകനായി. രണ്ടാം പകുതിയിൽ 76 മിനിറ്റിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്.
ലഭിച്ച ഫ്രീകിക്കിൽ നിന്നു
റെമോ ഫ്രളറുടെ പാസിൽ നിന്നു ഉഗ്രൻ ഒരു ഷോട്ടിലൂടെ പകരക്കാരൻ ആയി ഇറങ്ങിയ റസ്ലൻ മാലിനോവ്സ്കിയാണ് അറ്റലാന്റയുടെ ഗോൾ കണ്ടത്തിയത്. ഉക്രൈൻ താരത്തിന്റെ ഇടത് കാലൻ അടി അവിശ്വസനീയം ആയിരുന്നു. പരാജയം മണത്ത യുവന്റസിനു പോബ്ലോ ഡിബാലയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ഡാനിലോ നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. നിലവിൽ 46 പോയിന്റുകളും ആയി യുവന്റസ് ലീഗിൽ നാലാം സ്ഥാനത്ത് തുടരും. 2 പോയിന്റുകൾ പുറകിൽ അഞ്ചാമത് ആണ് യുവന്റസിനെക്കാൾ ഒരു മത്സരം കുറവ് കളിച്ച അറ്റലാന്റ ഇപ്പോൾ.