ഇറ്റാലിയൻ സീരി എയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള സുവർണ അവസരം പാഴാക്കി ഇന്റർ മിലാൻ. ലീഗിൽ 11 സ്ഥാനത്തുള്ള സസുഓളയാണ് ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സാൻ സിറോയിൽ വീഴ്‌ത്തിയത്. പരിക്ക് കാരണം പല പ്രമുഖ താരങ്ങൾ ഇല്ലാതെയാണ് ഇന്റർ ഇറങ്ങിയത് എങ്കിലും അവർ ആണ് മത്സരത്തിൽ ആധിപത്യം കാണിച്ചത്. എന്നാൽ അവസരം കിട്ടുമ്പോൾ എല്ലാം ഇന്ററിന് വലിയ അപകടങ്ങൾ സൃഷ്ഠിക്കാൻ സസുഓളക്ക് ആയി. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഇന്റർ മിലാൻ ഞെട്ടി. ബെറാഡിയുടെ പാസിൽ നിന്നു ജിയാകോമോ റാസ്‌പഡോറി സസുഓളക്ക് ആദ്യ ഗോൾ സമ്മാനിച്ചു.
25 മത്തെ മിനിറ്റിൽ ഹമദ് ട്രയോരയുടെ മനോഹരമായ ക്രോസ് മനോഹരമായ ഹെഡറിലൂടെ ഗോളാക്കി മാറ്റിയ യുവ താരം ജിയലുക്ക സ്‌കമാക്ക ഇന്ററിനെ വീണ്ടും ഞെട്ടിച്ചു. 38 മത്തെ മിനിറ്റിൽ ബെറാഡിയുടെ മനോഹരമായ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയത് ഇന്ററിന് ആശ്വാസം നൽകി. ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിക്കാനുള്ള ഇന്റർ മിലാൻ ശ്രമങ്ങൾ എല്ലാം സസുഓള പ്രതിരോധവും ഗോൾ കീപ്പറും പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ ജെക്കോവിനെ കൊണ്ടു വന്നിട്ടും ലൗടാര മാർട്ടിനസ്, അലക്സിസ് സാഞ്ചസ്, പെരിസിച്ച്, ബരെല്ല തുടങ്ങിയ ഇന്റർ മിലാൻ മുന്നേറ്റത്തിന് ഗോളുകൾ മടക്കാൻ ആയില്ല. ജയിച്ചിരുന്നെങ്കിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് ഇന്റർ മിലാൻ എത്തുമായിരുന്നു. നിലവിൽ ലീഗിൽ ഒരു മത്സരം അധികം കളിച്ച എ.സി മിലാനു രണ്ടു പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് ഇന്റർ.