ഇറ്റാലിയൻ സീരി എയിൽ നാപ്പോളിക്ക് സീസണിലെ ആദ്യ പരാജയം. ലീഗിൽ ഒന്നാമതുള്ള നാപ്പോളി മൂന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. നാപ്പോളി ആണ് കൂടുതൽ സമയം പന്ത് കൈവശം വച്ചത് എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ഇന്റർ ആയിരുന്നു. 17 മത്തെ മിനിറ്റിൽ ഇൻസിഗ്നെയുടെ പാസിൽ നിന്നു സെലിൻസ്കിയിലൂടെ നാപ്പോളി ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ കോലിബാലിയുടെ ഹാന്റ് ബോൾ ഇന്റർ മിലാനു പെനാൽട്ടി സമ്മാനിച്ചപ്പോൾ 25 മത്തെ മിനിറ്റിൽ ഹകൻ ഇന്ററിന് പെനാൽട്ടിയിൽ നിന്നു സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഹകന്റെ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇവാൻ പെരിസിച്ച് ഇന്ററിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ അർജന്റീന താരങ്ങൾ ഒരുമിച്ചപ്പോൾ 61 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ജോക്വിൻ കൊറയയുടെ പാസിൽ നിന്നു ലൗടാര മാർട്ടിനസ് ഇന്ററിന് മൂന്നാം ഗോൾ സമ്മാനിച്ചു. മിലാൻ ഡാർബിയിൽ പെനാൽട്ടി പാഴാക്കിയതിനു ആരാധകരോട് മാപ്പ് തേടിയാണ് മാർട്ടിനസ് ഗോൾ ആഘോഷിച്ചത്. തുടർന്ന് 78 മത്തെ മിനിറ്റിൽ കോലിബാലിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മെർട്ടൻസ് നാപ്പോളിക്ക് പ്രതീക്ഷ നൽകി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാൻ മടിച്ച ഇന്റർ ജയം സ്വന്തമാക്കുക ആയിരുന്നു. ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ഇന്റർ മിലാൻ ഒന്നാമതും രണ്ടാമതുമുള്ള നാപ്പോളി, എ. സി മിലാൻ എന്നിവരുമായുള്ള പോയിന്റ് വ്യത്യാസം നാല് ആയി കുറച്ചു.