ഇറ്റാലിയൻ സീരി എയിൽ വിജയവഴിയിൽ തിരിച്ചു വന്നു യുവന്റസ്. ചാമ്പ്യൻസ് ലീഗിൽ ചെൽസിയോടും ലീഗിൽ അറ്റലാന്റയോടും തോൽവി വഴങ്ങിയ ശേഷം ലീഗിലെ അവസാന സ്ഥാനക്കാർ ആയ സാലറിറ്റാനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് യുവന്റസ് വിജയവഴിയിൽ തിരിച്ചു എത്തിയത്. വലിയ ആധിപത്യം യുവന്റസ് പുലർത്തിയത് ആണ് മത്സരത്തിൽ കാണാൻ ആയത്. ആദ്യ പകുതിയിൽ 21 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്.
കുലുസെസ്കിയും ആയി കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം ബോക്സിന് പുറത്ത് നിന്ന് ഒരു അത്യുഗ്രൻ ഇടിവെട്ട് അടിയിലൂടെ പാബ്ലോ ഡിബാല യുവന്റസിനു ആദ്യ ഗോൾ സമ്മാനിക്കുക ആയിരുന്നു. ഗോൾ കീപ്പർക്ക് ഒരവസരവും നൽകാത്ത ബുള്ളറ്റ് ഷോട്ട് ആണ് അർജന്റീന താരം ഉതിർത്തത്. പിന്നീട് നിരവധി ഗോൾ അവസരങ്ങൾ യുവന്റസ് തുറന്നു എങ്കിലും രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ അൽവാര മൊറാറ്റയാണ് അവരുടെ ജയം ഉറപ്പിച്ച ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം മൊറാറ്റ പെനാൽട്ടി നേടിയെങ്കിലും പെനാൽട്ടി എടുത്ത ഡിബാല അത് പുറത്തേക്ക് അടിച്ചു കളയുക ആയിരുന്നു. നിലവിൽ ലീഗിൽ ഫിയരന്റീനയുടെ അത്ര പോയിന്റുകൾ ഉള്ള യുവന്റസ് ഏഴാം സ്ഥാനത്ത് ആണ്.