കിരീട പോരിൽ നിർണായക ജയവുമായി മിലാൻ, ലീഗിൽ ഒന്നാമത് തുടരും

ഇറ്റാലിയൻ സീരി എയിൽ എ.സി മിലാൻ തങ്ങളുടെ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങുന്നു. ഇന്ന് നിർണായക മത്സരത്തിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന കാഗ്‌ലാരിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു അവർ ലീഗിൽ രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം മൂന്നു പോയിന്റുകൾ ആയി ഉയർത്തി. മത്സരത്തിൽ മിലാൻ ആധിപത്യം ആണ് കണ്ടത് എങ്കിലും ഗോൾ വരാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു.

ഇരു ടീമുകളുടെയും ശ്രമം ഓരോ തവണ പോസ്റ്റിൽ ഇടിച്ചു മടങ്ങിയ മത്സരത്തിൽ 59 മത്തെ മിനിറ്റിൽ ആണ് ഗോൾ പിറന്നത്. ഡിയാസിന്റെ പാസ് ജിറോഡ് ഇസ്മയിൽ ബെനാസറിന് മറിച്ചു നൽകി. ബോക്സിന് തൊട്ടു പിറകിൽ നിന്നു അതുഗ്രൻ ഇടൻ കാലൻ വോളിയിലൂടെ ലക്ഷ്യം കണ്ട ബെനാസർ മിലാനു വിലമതിക്കാൻ ആവാത്ത ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ രണ്ടാമതുള്ള നാപോളിയെക്കാൾ മൂന്നു പോയിന്റും മൂന്നാമതുള്ള ഒരു മത്സരം കുറവ് കളിച്ച ഇന്റർ മിലാനെക്കാൾ നാലു പോയിന്റ് മുന്നിൽ ആണ് മിലാൻ ഇപ്പോൾ.