സെവൻസ് ഫുട്ബോളിന് എന്നും കേൾക്കുന്ന പഴിയാണ് കമ്മിറ്റി കളികൾ. കലക്ഷൻ കൂടുതൽ കിട്ടാൻ വേണ്ടി നല്ല ടീമുകളെ ഫൈനൽ വരെ ടോർച്ച് അടിച്ച് വഴി നടത്തുന്ന കമ്മിറ്റികൾ സെവൻസ് ലോകത്ത് ഉണ്ട് എന്ന് സെവൻസ് ഫുട്ബോൾ സ്ഥിരമായി നിരീക്ഷിക്കുന്നവർക്ക് അറിയാം. ആ ചീത്ത പേരുകൾക്ക് അവസാനമിടാൻ സെവൻസ് ഫുട്ബോളിന് താല്പര്യമില്ല എന്ന് വേണം ഈ സീസണിലെ കാര്യങ്ങൾ കാണുമ്പോൾ തോന്നുന്നത്.
ഈ സീസണിലെ ഫുട്ബോൾ കാണാത്ത നിയമങ്ങൾ നടക്കുന്ന സെമി ലീഗ് എന്ന പേരിൽ നടത്തുന്ന സെമി ഫൈനൽ മത്സരങ്ങളിലാണ്. സെമി ഫൈനലിൽ എത്തുന്ന നാലു ടീമുകൾ പരസ്പരം ഏറ്റുമുട്ടി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ എത്തുന്നതാണ് സെമി ലീഗ് എന്ന പരുപാടി. എന്നാൽ ഇന്ന് വണ്ടൂർ അഖിലേന്ത്യാ സെവൻസിലും മുമ്പ് എടത്തനാട്ടുകരയിലും സെമി ലീഗ് ഫൈനൽ തീർത്തും കമ്മിറ്റിയുടെ താല്പര്യങ്ങൾ നടത്തുന്ന ലീഗായി മാറി.
വണ്ടൂരിൽ ഇന്ന് നടന്ന ഫിഫാ മഞ്ചേരിയും സ്കൈ ബ്ലൂവും തമ്മിലുള്ള മത്സരം ഗോൾ രഹിതമായി പിരിഞ്ഞു. അപ്പോൾ ഉള്ള സെമി ലീഗിലെ പോയന്റ് അവസ്ഥ നോക്കാം.
1, ഫിഫാ മഞ്ചേരി : 3 മത്സരം 2 വിജയം 1 സമനില 7 പോയന്റ്
2, സ്കൈ ബ്ലൂ : 3 മത്സരം 1 വിജയം 1സമനില 1 തോൽവി 4 പോയന്റ്
3 മദീന : 2 മത്സരം 1വിജയം 1 തോൽവി 3 പോയന്റ്
4, ഉഷ: 2 മത്സരം 2 തോൽവി 0 പോയന്റ്
ബാക്കിയായുള്ളത് ഉഷയും അൽ മദീനയും തമ്മിൽ ഉള്ള മത്സരം. എന്നാൽ ഈ മത്സരം കളിക്കാതെ ആ മത്സരത്തിലെ മൂന്ന് പോയന്റ് അൽ മദീനയ്ക്ക് നൽകി കൊണ്ട് മദീനയെ ഫിഫയ്ക്ക് ഒപ്പം ഫൈനലിൽ എത്തിക്കുകയാണ് കമ്മിറ്റി ചെയ്തത്. ഇന്ന് പൊരുതി കളിച്ച സ്കൈ ബ്ലൂവിന്റെ പോരാട്ടത്തിന് ഒരു വിലയും ഇല്ല. കളി കാണാൻ കാശു കൊടുത്തു വന്ന കാണികളും ചതിക്കപ്പെടുകയാണ്.
ലോക ഫുട്ബോളിൽ കാണാൻ കഴിയാത്ത വിധിയാണിത്. നിർണായകമായേക്കാവുന്ന മത്സരം നടത്താതെ പോയന്റ് നൽകുന്ന വിചിത്രമായ തീരുമാനം. ഇത് ആദ്യമല്ല എടത്തനാട്ടുകരയിൽ ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയതും സമാനമായ അവസ്ഥയിൽ ആയിരുന്നു. അന്ന് സെമി ലീഗിലെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ലിൻഷയ്ക്ക് നാലു പോയന്റും മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഫിഫയ്ക്ക് ഒരു പോയന്റുമായിരുന്നു. അന്ന് ഫിഫ അവസാന മത്സരം കളിക്കാതെ നേരെ നാലു പോയന്റിൽ എത്തി. ലിൻഷയ്ക്കും ഫിഫയ്ക്കും ഒരേ പോയന്റ് ആണെന്ന് പറഞ്ഞ് നറുക്ക് നടത്തി ഫിഫ ഫൈനലിൽ എത്തികയും ചെയ്തു.
ഈ നിയമങ്ങൾ ഒക്കെ പറഞ്ഞ് ഫുട്ബോൾ ലോകത്തെ മനസ്സിലാക്കി കൊടുക്കാൻ തന്നെ ഈ സെവൻസ് കമ്മിറ്റികൾക്ക് ആകുമോ എന്ന് സംശയമാണ്. സെവൻസ് അസൊസിയേഷനുകളും കമ്മിറ്റികളും ഇത്തരം പ്രവണതകൾ തടയാൻ നിന്നില്ല എങ്കിൽ ഇനിയും വിഡ്ഡികളാകാൻ വയ്യ എന്നും പറഞ്ഞ് ഫുട്ബോൾ ആരാധകർ ഗ്യാലറി വിട്ടകലുന്നത് കാണേണ്ടി വരും.