ജില്ലാ ‘വിമുക്തി’ ഫുട്ബോൾ മൊറയൂർ ഗ്രാമ പഞ്ചായത്ത് (മിഷൻ സോക്കർ അക്കാദമി) ജേതാക്കൾ

- Advertisement -

“ലഹരിയ്ക്കെതിരെ ഫുട്ബോൾ ലഹരി ” എന്ന മുദ്രാവാക്യവുമായി സംസ്ഥാന എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മഞ്ചേരി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂൾ മൈതാനത്ത് നടന്ന മലപ്പുറം ജില്ലാ വിമുക്തി ഫുട്ബോളിൽ മൊറയൂർ ഗ്രാമ പഞ്ചായത്ത് ചാമ്പ്യൻമാരായി. മൊറയൂർ ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ടൂർണ്ണമെന്റിൽ പങ്കെടുത്തത് മിഷൻ സോക്കർ അക്കാദമിയുടെ യൂത്ത് ടീമായിരുന്നു. ചെറിയമുണ്ടം, അങ്ങാടിപ്പുറം, എടയൂർ ഗ്രാമപഞ്ചായത്തുകളെ യഥാക്രമം ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ പരാജയപ്പെടുത്തിയാണ് മൊറയൂർ ഗ്രാമ പഞ്ചായത്ത് ജില്ലാ ചാമ്പ്യൻമാരായത്. അടുത്ത മാസം നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മൊറയൂർ ഗ്രാമ പഞ്ചായത്ത് ടീം കളത്തിലിറങ്ങും.

ആസിഫ് സഹീർ കളിയ്ക്കാരുമായി പരിചയപ്പെടുന്നു

ഞായറാഴ്ച്ച കാലത്ത് എട്ടു മണിയ്ക്ക് മുൻ കേരളാ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം ക്യാപ്റ്റൻ ആസിഫ് സഹീർ ഉൽഘാടനം ചെയ്ത ടൂർണ്ണമെന്റിൽ മലപ്പുറം ജില്ലയിലെ വിവിധ എക്സൈസ് റേഞ്ചുകളിൽ നിന്നും ചാമ്പ്യൻമാരായി എത്തിയ ഒമ്പത് ഗ്രാമ പഞ്ചായത്ത് ടീമുകളാണ് പങ്കെടുത്തത്.

വിജയികൾ മഞ്ചേരി മുൻസിപ്പൽ ചെയർ പേഴ്സൺ വി.എം. സുബൈദയിൽ നിന്നും ട്രോഫി സ്വീകരിയ്ക്കുന്നു

സമാപന ചടങ്ങിൽ മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദ സമ്മാന ദാനം നിർവ്വഹിച്ചു.മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വി രാധാ കൃഷ്ണൻ, മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലീം മാസ്റ്റർ, പോലീസ് ഇൻസ്പെക്ടർ പൗലോസ്, ജില്ലാ വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

ജേതാക്കളായ മൊറയൂർ ഗ്രാമപഞ്ചായത്ത് (മിഷൻ സോക്കർ അക്കാദമി) ടീം മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമാസ്റ്റർക്കൊപ്പം

Advertisement