സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്നിറങ്ങും (22-04-2022). വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്. പഞ്ചാബിന് എതിരെയുള്ള മത്സരത്തില്‍ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജെസിനും നൗഫലിനും പരീശീലകന്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്‍ക്കിയേക്കും. കേരള പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലായിരുന്ന വിക്‌നേഷിന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ താളം കണ്ടെത്താനാകാത്തത് കേരളാ ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്‌ട്രൈക്കര്‍ സഫ്‌നാദ് ഗോള്‍ നേടിയത് ടീമിന് ഗുണംചെയ്യും. ക്യാപ്റ്റന്‍ ജിജോ ജോസഫും, അര്‍ജുന്‍ ജയരാജും, മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും. മത്സരത്തില്‍ കേരളത്തിന് ധാരാളം ഗോളവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിനിഷിങിന്റെ പോരാഴ്മയാണ് ടീമിനെ സമനിലയിലെത്തിച്ചത്. പഞ്ചാബ് ആണെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗാളിനോട് തോറ്റതിന് ശേഷം രാജസ്ഥാനെതിരെ ഗോളാടി മേളം നടത്തിയാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്റെ ശക്തി. പകരക്കാരനായി ഇറങ്ങിയ ബംഗാളിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്കിന് കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ അവസരം നല്‍ക്കിയിരുന്നെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ചിലമുന്നേറ്റങ്ങള്‍ എതിര്‍ പ്രതിരോധ നിരക്ക് തലവേദനയാണ്. ആദ്യ മത്സരത്തില്‍ ഫോംകണ്ടെത്താന്‍ സാധിക്കാത്ത തരുണ്‍ സ്‌ളാതിയ രണ്ടാം മത്സരത്തില്‍ ഫോംകണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. രാജസ്ഥാനെതിരെ 68 ാം മിനുട്ടിലിറങ്ങി രണ്ട് ഗോളാണ് തരുണ്‍ സ്‌ളാതിയ നേടിയത്.
വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗാള്‍ മേഘാലയയെ നേരിടും. ഇരുടീമുകള്‍ക്കും സെമി ഫൈനല്‍ യോഗ്യ നേടണമെങ്കില്‍ വിജയം അനിവാര്യമാണ്. സമനിലയാണ് നേടുന്നതെങ്കില്‍ കേരളത്തിനും പഞ്ചാബിനും ഗുണം ചെയ്യും. ഗ്രൂപ്പിലെ കരുത്തരായ കേരളത്തെ 2-2 ന് സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് മേഘാലയ ടീം. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി കേരളാ ടീമിന്റെ വലകുലിക്കിയതും മേഘാലയ തന്നെ. ചെറിയ പാസില്‍ അധിവേഗം മുന്നോട്ട് കുതിക്കുന്നതാണ് ടീമിന്റെ ശൈലി. ടിക്കി ടാക്ക സ്‌റ്റൈലില്‍ മുന്നേറുന്ന ടീമിനെ പിടിച്ച് കെട്ടുക എന്നത് പ്രയാസമാണ്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഒരു പ്രതിരോധ താരത്തെ അധികമായി കളിപ്പിച്ചിരുന്നു. അടുത്ത മത്സരത്തില്‍ അതില്‍ മാറ്റം വരുത്തിയേക്കാം. ഇടംകാലന്‍ വലതു വിങ്ങര്‍ ഫിഗോ സിന്‍ഡായിയാണ് ടീമിന്റെ മറ്റൊരു ശക്തി. മികച്ച ഡ്രിബിളിങ്ങും കൃത്യതയാര്‍ന്ന ഷോട്ടും ഫിഗോ സിന്‍ഡായിയുടെ കരുത്ത്. രണ്ട് മത്സരം കളിച്ച താരം മൂന്ന് ഗോള്‍ നേടി ഗോള്‍പട്ടികയില്‍ കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഒപ്പമാണ്. കിട്ടിയ അവസരം മുതലെടുക്കാന്‍ സാധിക്കാതതാണ് ബംഗാള്‍ നേരിടുന്ന വെല്ലുവിളി. കേരളത്തിനെതിരെ ആദ്യ പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിരോധമാണ് മറ്റൊരു കരുത്ത്. കേരളത്തിനെതിരെ അവസാന നിമിഷം വരെ ബംഗാള്‍ പ്രതിരോധ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നിരുന്നു. മത്സരം വിജയിച്ച് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകും ടീം ശ്രമിക്കുക.
നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരം കളിച്ച കേരളം രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഒന്നാമതാണ്. രണ്ട് മത്സരം കളിച്ച മേഘാലയയാണ് രണ്ടാമത്. ഒരു ജയവും ഒരു സമനിലയുമാണ് ടീമിനുള്ളത്. രണ്ട് മത്സരം വീതം കളിച്ച പഞ്ചാബിനും ബംഗാളിനും ഒരേ പോയിന്റാണുള്ളത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബാണ് ഗ്രൂപ്പില്‍ മൂന്നാമത്. ബംഗാള്‍ നാലും എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്. രാജസ്ഥാന്‍ ഇതിനകം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി.