ഇന്ന് കേരളം കാത്തിരുന്ന പോരാട്ടം, ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്സും ഗോകുലവും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഇന്ന് കേരളം കാത്തു നിന്ന പോരാട്ടമാണ്. ആദ്യമായി കേരള പ്രീമിയർ ലീഗിൽ കേരള ഫുട്ബോളിലെ അതിശക്തരായ രണ്ട് ക്ലബുകൾ നേർക്കുനേർ. അതും അതിനിർണായകമായ സെമി ഫൈനലിൽ. ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും ഇന്ന് കേരള പ്രീമിയർ ലീഗ് ഫൈനൽ തേടിക്കൊണ്ട് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഇറങ്ങും.

നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി കിരീടം നിലനിർത്താം എന്ന പ്രതീക്ഷയിൽ തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് റെക്കോർഡ് ഇട്ടാണ് ഗോകുലം കേരള എഫ് സി സെമി ഫൈനലിലേക്ക് എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ ഗ്രൂപ്പിൽ അവസാനം ഇന്ത്യൻ നേവിയോടേറ്റ പരാജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ഇത് കേരള പ്രീമിയർ ലീഗിലെ ആദ്യ സെനി ഫൈനലാണ്. ഇവിടെ എങ്കിലും കിരീടം നേടാൻ ആകുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.

റിസേർവ്സ് ടീമാണ് ഭൂരിഭാഗവും കളിക്കുക എങ്കിലും ഐലീഗിലെയും ഐ എസ് എല്ലിലെയും ചില പരിചിത മുഖങ്ങളും ഇന്ന് കളത്തിൽ ഇറങ്ങും. കേരള ബ്ലാസ്റ്റേഴ്സിനായി കേരള പ്രീമിയർ ലീഗിൽ സ്റ്റൊഹാനോവച് ഒക്കെ കളിക്കാറുണ്ട്. ഗോകുലത്തിനായി സബാ, അഡോ തുടങ്ങിയവരൊക്കെ മുമ്പ് കളിച്ചിട്ടുണ്ട്. ഇന്ന് ഇരു ക്ലബുകളും ശക്തമായ നിരയെ തന്നെ ഇറക്കിയേക്കും.

കോഴിക്കോട് സ്റ്റേഡിയത്തിൽ ആരാധകർ നിറയാനും ഇന്ന് സാധ്യതയുണ്ട്. വൈകിട്ട് 4 മണിക്കാകും മത്സരം നടക്കുക. തത്സമയം മൈകൂജോ വെബ്സൈറ്റും ആപ്പും വഴി മത്സരം കാണാം. ഇന്നലെ നടന്ന സെമി ഫൈനലിൽ ജയിച്ച് ഇന്ത്യൻ നേവി നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.