ജർമ്മൻ ബുണ്ടസ് ലീഗയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ഫ്രയ്ബർഗിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ബയേൺ മ്യൂണിക്. ജയത്തോടെ ലീഗിൽ ഡോർട്ട്മുണ്ടിന് 9 പോയിന്റുകൾ മുന്നിൽ ഒന്നാമത് ആണ് ബയേൺ. ബയേണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ആദ്യ പകുതിയിൽ ഗോളുകൾ പിറന്നില്ല. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ബയേണിന്റെ ആദ്യ ഗോൾ പിറന്നു. ജോഷുവ കിമ്മിച്ചിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ലിയോൺ ഗൊരെസ്കയാണ് ബയേണിന്റെ ഗോൾ നേടിയത്. എന്നാൽ 5 മിനിറ്റിനുള്ളിൽ ഫ്രയ്‌ബർഗ് മത്സരത്തിൽ തിരിച്ചു വന്നു. മികച്ച ഒരു ടീം ഗോൾ ആയിരുന്നു ഇത്. ക്രിസ്റ്റിയൻ ഗന്ററിന്റെ പാസിൽ നിന്നു നൈൽസ് പീറ്റേഴ്‌സൻ ആണ് അവരുടെ ഗോൾ നേടിയത്.
പകരക്കാനായി ഇറങ്ങി സെക്കന്റുകൾക്ക് അകം ആയിരുന്നു പീറ്റേഴ്‌സന്റെ ഈ ഗോൾ. ഗോൾ വഴങ്ങിയതോടെ ബയേണിന്റെ ആക്രമണം കൂടുതൽ കടുത്തു. 73 മത്തെ മിനിറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച അവസരം ലക്ഷ്യം കണ്ട സെർജ് ഗനാബ്രിയാണ് ബയേണിനെ വീണ്ടും മുന്നിലെത്തിച്ചത്. കളത്തിൽ ഇറങ്ങി 30 സെക്കന്റുകൾക്ക് ഉള്ളിൽ ആണ് ഗനാബ്രി ഗോൾ കണ്ടത്തിയത്. ഒമ്പത് മിനിറ്റുകൾക്ക് ശേഷം ഉപമകാനോയുടെ ലോങ് ബോൾ സ്വീകരിച്ച കിങ്സ്‌ലി കോമാൻ ബോക്സിന് പുറത്ത് നിന്ന് ഗോൾ കണ്ടതിയോടെ ബയേൺ ജയം ഉറപ്പിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ ഗനാബ്രിയുടെ പാസിൽ നിന്നു മാർസൽ സാബിറ്റ്സർ ആണ് ബയേണിന്റെ വലിയ ജയം പൂർത്തിയാക്കിയത്. ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്ന ബയേണിന് ഈ ജയം വലിയ ആത്മവിശ്വാസം ആവും നൽകുക.