ഐ എസ് എല്ലിന്റെ ഒരു പുതിയ സീസണ് ഇന്ന് കിക്കോഫ് ആവുകയാണ്. ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്ര പ്രതീക്ഷയോടെ ഒരു സീസണെയും നോക്കി കണ്ടിട്ടുണ്ടാവില്ല. കഴിഞ്ഞ സീസൺ ഫൈനലിൽ ഗോവയിൽ ഉണ്ടായ നിരായല്ല പകരം ആ സീസൺ ഉടനീളം കണ്ട നല്ല ഫുട്ബോളിനെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് മുറുകെ പിടിക്കുന്നത്. ഇവാൻ വുകമാനോവിച് എന്ന പരിശീലകൻ ഈ ക്ലബിനെ അടിമുടി മാറ്റുന്നതാണ് കഴിഞ്ഞ സീസണിൽ കണ്ടത്. ഈസ്റ്റ് ബംഗാളിന് എതിരെ നാളെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ കഴിഞ്ഞ സീസണിന്റെ തുടർച്ചയാകും ആരാധകർ ആഗ്രഹിക്കുന്നത്.
ചൂടപ്പം പോലെ ടിക്കറ്റുകൾ വിറ്റു പോയതിനാൽ കലൂരിലെ ഗ്യാലറി നിറയും എന്നും അവിടെ മഞ്ഞതിരമാലകൾ ഉണ്ടാകും എന്ന് ഉറപ്പ്. കഴിഞ്ഞ സീസണിൽ നിന്ന് പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിലെ പ്രധാന മാറ്റം വിദേശ താരങ്ങളുടെ കാര്യത്തിൽ ആണ്. ഡിയസ്, വാസ്കസ് എന്നീ രണ്ട് വലിയ വിദേശ താരങ്ങളെ ടീമിന് നഷ്ടമായി. എന്നാൽ അതൊഴികെ ടീമിന്റെ മൊത്തം ഘടനക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.
പൊതുവെ ഒരോ പുതിയ ഐ എസ് എൽ സീസണിലും ടീമിൽ ഉണ്ടാകുന്ന വലിയ അഴിച്ചു പണികൾ ടീമിലെ തുടക്കത്തിൽ തന്നെ പിറകിലേക്ക് ആക്കുമായിരുന്നു. ഇത്തവണ ഇവാന്റെയും സ്പോർടിങ് ഡയറക്ടറുടെയും നേതൃത്വത്തിൽ നടന്ന ട്രാൻസ്ഫർ നീക്കങ്ങൾ ടീമിനെ ശക്തിപ്പെടുത്തുക മാത്രമെ ചെയ്തുള്ളൂ. പുതുതായി എത്തിയ വിദേശ താരങ്ങൾ ആയ ഇവാൻ, അപോസ്റ്റൊലിസ്, മോംഗിൽ, ദിമിത്രോസ് എന്നിവർ വലിയ പ്രതീക്ഷകൾ നൽകുന്നു.
ഈ സീസണിൽ ടീമിലേക്ക് എത്തിയ ഇന്ത്യൻ താരങ്ങളായ സൗരവും ബ്രൈസ് മിറാണ്ടയും ഇതിനകം തന്നെ ആരാധകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. നിഹാൽ സുധീഷ്, ശ്രീകുട്ടൻ, വിബിൻ മോഹനൻ എന്നിവരുടെ വളർച്ചയും കാണാൻ ആകുന്ന സീസൺ ആകും ഇത്.
ഒരു കിരീടം തന്നെയാണ് അന്തിമം ആയ ലക്ഷ്യം. എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നേർവഴിയിൽ ആണെന്ന് ഉറപ്പിക്കുക ആകും എല്ലാത്തിനേക്കാളും പ്രധാനം. പൊള്ളയായ കലിപ്പ് അടക്കൽ ബഹളങ്ങളെക്കാൾ മേലെയാണ് വായടക്കുക പണി എടുക്കുക എന്ന ഇവാന്റെ റിയാലിറ്റി അപ്രോച്ച് എന്ന് കഴിഞ്ഞ സീസണ തന്നെ തെളിഞ്ഞു. അത് തുടരട്ടെ.