റോമയെ തിരിച്ചു വന്നു തോൽപ്പിച്ചു റയൽ ബെറ്റിസ്

20221007 032132

യുഫേഫ യൂറോപ്പ ലീഗിൽ ജോസെ മൊറീന്യോയുടെ എ.എസ് റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു മാനുവൽ പെല്ലഗ്രിനിയുടെ റയൽ ബെറ്റിസ്. ആദ്യ പകുതിയിൽ ബെറ്റിസിന് ആണ് ആധിപത്യം എങ്കിലും ആദ്യ ഗോൾ നേടിയത് റോമ ആയിരുന്നു. ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി പാബ്ലോ ഡിബാല അനായാസം ഗോൾ ആക്കി മാറ്റി. ആറു മിനിറ്റിനുള്ളിൽ ബെറ്റിസ് തിരിച്ചടിച്ചു. ആദ്യ പകുതിയിൽ നബിൽ ഫെകിറിന് പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഹെൻറിക്വയുടെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ ഗുയിഡോ റോഡ്രിഗസ് സ്പാനിഷ് ടീമിന് സമനില സമ്മാനിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ 88 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരനായ റോഡ്രിയുടെ കൃത്യമായ ക്രോസിൽ നിന്നു ഉയർന്നു ചാടി അതിശക്തമായ ഒരു ഹെഡറിലൂടെ ഗോൾ നേടിയ ലൂയിസ് ഹെൻറിക്വ ബെറ്റിസിന്റെ തിരിച്ചു വരവ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ നിക്കോളാസ് സാനിയോളക്ക് ചുവപ്പ് കാർഡ് ലഭിച്ചത് റോമക്ക് മറ്റൊരു തിരിച്ചടിയായി. നിലവിൽ ഗ്രൂപ്പിൽ കളിച്ച മൂന്നു കളികളും ജയിച്ച ബെറ്റിസ് ഒന്നാമത് നിൽക്കുമ്പോൾ റോമ മൂന്നാമത് ആണ്.