നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം റേഞ്ചേഴ്സ് വീണ്ടും സ്കോട്ടിഷ് ലീഗ് ചാമ്പ്യന്മാർ ആയിരിക്കുകയാണ്. ഇന്ന് രണ്ടാം സ്ഥാനക്കാരായ സെൽറ്റിക് വിജയിക്കാതിരുന്നതോടെയാണ് റേഞ്ചേഴ്സ് ചാമ്പ്യന്മാരായത്. പത്തു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് റേഞ്ചേഴ്സ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ലിവർപൂൾ ഇതിഹാസം സ്റ്റീവൻസ ജെറാഡ് പരിശീലകനായി എത്തിയ മൂന്നാം സീസണിലാണ് കിരീടം വരുന്നത്. ജെറാഡിന്റെ പരിശീലക കരിയറിലെ ആദ്യ കിരീടവുമാണിത്.
ഈ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് റേഞ്ചേഴ്സ് കിരീടത്തിലേക്ക് എത്തിയിരിക്കുന്നത്. 32 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുമായി ഒന്നാമത് നിൽക്കുന്ന റേഞ്ചേഴ്സിന് രണ്ടാമതുള്ള സെൽറ്റിക്കിനെക്കാൾ 20 പോയിന്റിന്റെ ലീഡ് ഉണ്ട്. അവസാന ഒമ്പതു സീസണിലും സെൽറ്റിക്ക് ആയിരുന്നു കിരീടം നേടിയിരുന്നത്. 32 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ അടിച്ച ജെറാഡിന്റെ ടീം ആകെ വഴങ്ങിയത് 9 ഗോളുകളാണ്.