അർജന്റീനയെ വിറപ്പിച്ച സൗദി അറേബ്യക്ക് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പോളണ്ടിന് എതിരെ ആ പ്രകടനം ആവർത്തിക്കാൻ ആയില്ല. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് ഇന്ന് വിജയിച്ചു. നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാത്തത് ആണ് സൗദിക്ക് തിരിച്ചടി ആയത്. അവർ ഒരു പെനാൾട്ടിയും ഇന്ന് നഷ്ടമാക്കി. ലെവൻഡോസ്കി ഒരു ഗോളും ഒരു അസിസ്റ്റും നേടി കളിയിലെ താരമായി.
അർജന്റീനയെ തോൽപ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ സൗദി അറേബ്യ ഇന്ന് പോളണ്ടിന് എതിരെയും മികച്ച രീതിയിൽ ആണ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ പന്ത് കൈവശം വെച്ച് കളി നിയന്ത്രിക്കാൻ അവർ ശ്രമിച്ചു. 14ആം മിനുട്ടിൽ സൗദി താരം കാനോയുടെ ഒരു എഫേർട് ചെസ്നിയുടെ ആദ്യ സേവ് ആയി മാറി. പന്ത് കൈവശം വെച്ചു എങ്കിലും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ സൗദി അറേബ്യക്ക് ആയില്ല.
മത്സരത്തിന്റെ 39ആം മിനുട്ടിൽ പോളണ്ട് കളിയുടെ ഗതിക്ക് വിപരീതമായി ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ പന്ത് കൈക്കലാക്കി കോർണർ ലൈൻ കടക്കാതെ പന്ത് സംരക്ഷിച്ച് ലെവൻഡോസ്കി നൽകിയ പാസ് സിലെൻസ്കി വലയിൽ എത്തിക്കുക ആയിരിന്നു. സ്കോർ 1-0.
ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ മറുപടി കൊടുക്കാൻ സൗദിക്ക് ആകുമായിരുന്നു. ബിയലെക് അൽ ഷെഹ്രിയെ ഫൗൾ ചെയ്തതിനായിരുന്നു വാർ പെനാൾട്ടി വിധിച്ചത്. പക്ഷെ പെനാൾട്ടി എടുത്ത അൽ ദാസരിക്ക് പിഴച്ചു. പെനാൾട്ടിയും അതിനു പിറകെ വന്ന ഫോളോ അപ്പും ചെസ്നി സേവ് ചെയ്തു. ആദ്യ പകുതി പോളണ്ട് 1-0ന് തന്നെ അവസാനിപ്പിക്കുകയും ചെയ്തു.
രണ്ടാം പകുതിയിലും സൗദി അറേബ്യ അറ്റാക്ക് തുടർന്നു. 54ആം മിനുട്ടിൽ വീണ്ടും അൽ ദാസരിയെ പോളിഷ് കീപ്പർ തടയുന്നത് കാണാൻ ആയി. സൗദി അറേബ്യ കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞതോടെ പോളണ്ട് സൗദി ഡിഫൻസിൽ ഗ്യാപ്പുകൾ കണ്ടെത്താൻ തുടങ്ങി. മിലികിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. അതിനു പിന്നാലെ ലെവൻഡോസ്കിയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി.
അവസാനം 82ആം മിനുട്ടിൽ സൗദി താരം അൽ മാൽകിയുടെ പിഴവ് മുതലെടുത്ത് ലെവൻഡോസ്കി പോളണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. ലെവൻഡോസ്കിയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളായി ഇത്. ഈ ഗോൾ പോളണ്ട് വിജയം ഉറപ്പിക്കുകയും ചെയ്തും
ഈ ജയത്തോടെ പോളണ്ട് നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തായി. 3 പോയിന്റുമായി മെക്സിക്കോ രണ്ടാമത് നിൽക്കുന്നു.