റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമ കൂടെ സൗദി അറേബ്യയിലേക്ക് എത്തുന്നതോടെ സൗദി പ്രൊ ലീഗ് വേറെ ലെവലായി മാറും എന്ന് ഉറപ്പാവുകയാണ്. കഴിഞ്ഞ സീസണിൽ റൊണാൾഡോയെ എത്തിച്ചതോടെ സൗദി ലീഗിന് ലോക ഫുട്ബോളിന്റെ ആകെ ശ്രദ്ധ നേടാൻ ആയിരുന്നു. ബെൻസീമയും ഒപ്പം ഒരുപിടി വലിയ താരങ്ങളും ഇത്തവണ സൗദിയിലേക്ക് എത്തും. ഇതോടെ സൗദി ലീഗ് ആർക്കും അവഗണിക്കാൻ ആകാത്ത ലീഗായി മാറും.
ബെൻസീമക്ക് പിറകെ റാമോസ്, ജോർദി ആൽബ, സെർജി ബുസ്കറ്റ്സ് എന്നിവരെല്ലാം സൗദിയിലേക്ക് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എത്തിയേക്കും. മെസ്സിക്ക് ആയുള്ള അൽ ഹിലാലിന്റെ ഓഫറും ഇപ്പോഴും ടേബിളിൽ കിടക്കുന്നുണ്ട്. 2030ലെ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ആഗ്രഹിക്കുന്ന സൗദി അറേബ്യ അതിനു മുമ്പ് ലോക ഫുട്ബോളിന്റെ സ്വീകാര്യത നേടാൻ ആണ് ശ്രമിക്കുന്നത്.
സൗദി ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് 200 മില്യൺ വേതനം ബെൻസീമക്ക് നൽകും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. റൊണാൾഡോക്ക് അൽ നസറിൽ കിട്ടുന്ന വേതനത്തിന് അടുത്താകും ഇത്. ബെൻസീമയുടെ എല്ലാ ഡിമാൻഡും ഇപ്പോൾ ക്ലബ് അംഗീകരിച്ചിരിച്ചിട്ടുണ്ട്. ഈ ബുധനാഴ്ച ബെൻസീമയുടെ സൈനിംഗ് ഇത്തിഹാദ് പ്രഖ്യാപിക്കും എന്നാണ് സൂചനകൾ. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസിഡറും ആകും ബെൻസീമ.