സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ സൗത്ത് സോണിൽ ഇത്തവണ കേരളവും ലക്ഷദ്വീപും ഒരു ഗ്രൂപ്പിൽ. കേരളത്തിനും ലക്ഷദ്വീപിനും പുറമെ പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആയിരിക്കും ഈ യോഗ്യത മത്സരങ്ങൾക്ക് വേദിയാവുക. ഗ്രൂപ്പിൽ ഒന്നാമത് ആവുന്നവർ ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടും. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനു ഇത്തവണ കേരളം ആണ് വേദിയാവുക. നിലവിൽ ലക്ഷദ്വീപ് ടീം കേരളത്തിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്.
ഈ അടുത്ത് മാത്രമാണ് സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കളിക്കാൻ തുടങ്ങിയത് എങ്കിലും പങ്കെടുത്ത സന്തോഷ് ട്രോഫികളിൽ മികച്ച പ്രകടനം ആണ് പരിമിതികൾക്ക് നടുവിലും ലക്ഷദ്വീപ് ഇത് വരെ നടത്തിയത്. അതേസമയം ആദ്യ മത്സരത്തിൽ കരുത്തരായ കേരളം ആണ് ലക്ഷദ്വീപിന്റെ എതിരാളികൾ. ഡിസംബർ ഒന്നിന് ആണ് കേരളവും ആയുള്ള ലക്ഷദ്വീപിന്റെ ആദ്യ മത്സരം തുടർന്ന് ഡിസംബർ മൂന്നിന് ലക്ഷദ്വീപ് പോണ്ടിച്ചേരിയെയും ഡിസംബർ അഞ്ചിന് ആൻഡമാൻ നിക്കോബാറിനെയും നേരിടും. കേരളത്തെ വിറപ്പിച്ചു മറ്റു ടീമുകൾക്ക് മേൽ ജയം കാണാൻ ആവും ലക്ഷദ്വീപ് ശ്രമം. കഴിഞ്ഞ സന്തോഷ് ട്രോഫി യോഗ്യതകളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഇത് വരെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടാൻ സാധിക്കാത്ത ലക്ഷദ്വീപ് ആ ചരിത്ര നേട്ടം ആവും ഇത്തവണ ലക്ഷ്യം വക്കുന്നത്.