ഒമാനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 188 റൺസ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. സഞ്ജു സാംസൺ നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം അതിവേഗ സ്കോറിംഗുമായി അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, അക്സര്‍ പട്ടേൽ എന്നിവരാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്.
ശുഭ്മന്‍ ഗില്ലിനെ ആദ്യം തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ്മ 15 പന്തിൽ നിന്ന് 38 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. അഭിഷേകിന് കൂട്ടായി എത്തിയ സഞ്ജു സാംസണുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 66 റൺസാണ് ഇന്ത്യയുടെ ഈ കൂട്ടുകെട്ട് നേടിയത്.
അഭിഷേക് പുറത്തായ ശേഷം അതേ ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് രൂപത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ടീം 73/3 എന്ന നിലയിലായിരുന്നു.
അക്സര്‍ പട്ടേലും സഞ്ജുവും നാലാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തു. 13 പന്തിൽ നിന്ന് 26 റൺസായിരുന്നു അക്സറിന്റെ സംഭാവന. അതിന് ശേഷം ക്രീസിലെത്തിയ ശിവം ദുബേയും വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 130/5 എന്ന സ്കോറിലായിരുന്നു.
സഞ്ജുവിന് ടി20 വേഗത്തിൽ സ്കോറിംഗ് നടത്താനായില്ലെങ്കിലും താരം അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മറുവശത്ത് തിലക് വര്‍മ്മ വേഗത്തിൽ സ്കോറിംഗ് നടത്തി.അര്‍ദ്ധ ശതകം കഴിഞ്ഞ് അധികം വൈകാതെ സഞ്ജു പുറത്താകുകയായിരുന്നു. 45 പന്തിൽ നിന്ന് 56 റൺസായിരുന്നു സഞ്ജുവിന്റെ നേട്ടം.
തിലക് വര്‍മ്മ 18 പന്തിൽ 29 റൺസ് നേടി പുറത്തായി.