ഐപിഎൽ ലീഗിൽ സ്വന്തമായി ടീമില്ലാത്ത ഒരു സംസ്ഥാനം ഏതെങ്കിലും ഒരു ടീമിന് പിന്നിൽ അണിനിരന്നിട്ടുണ്ടെങ്കിൽ അത് കേരളമാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ടീം രാജസ്ഥാൻ റോയൽസാണത്രെ! തമിഴർ ചെന്നൈ ടീമിനൊപ്പവും, കന്നഡിഗർ ബാംഗ്ലൂർ ടീമിനൊപ്പവും ഒക്കെ നിൽക്കുന്നത് അവരുടെ സംസ്ഥാന ടീം എന്ന നിലക്കാണ്. പക്ഷെ നമ്മൾ മലയാളികൾക്ക് അങ്ങനെ ഒരു ടീം ഇപ്പോൾ ഇല്ലല്ലോ.
ധോണി, വിരാട്, രോഹിത് ഫാൻസായ മലയാളികൾ അതാത് കളിക്കാരുടെ ടീമുകളെ പിന്തുണക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ബഹുഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരും, ഒരു ക്രിക്കറ്റ് പവർഹൗസ് അല്ലാത്ത, ഹിന്ദി ബെൽറ്റിലെ രാജസ്ഥാനിൽ നിന്നുള്ള ഒരു ടീമിനെ പിന്തുണയ്ക്കണമെങ്കിൽ അതിന് തക്കതായ കാരണം വേണം, അതാണ് സഞ്ജു സാംസൺ. മലയാളികൾ അത്രയ്ക്ക് ആ കളിക്കാരനെ ഇഷ്ടപ്പെടുന്നു.
ഈയ്യിടെ നടന്ന അയർലൻഡ് ടൂറിൽ, ടോസ് സമയത്തു ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിൽ സഞ്ജു ഉണ്ടാകും എന്ന് പറഞ്ഞതും ഗാലറിയിൽ നിന്ന് ഉയർന്ന ആരവം അമ്പരപ്പിക്കുന്നതായിരുന്നു. പാണ്ഡ്യയും കമന്റേറ്ററും ഒരു നിമിഷം പകച്ചു, ടിവിയിൽ കളി കണ്ടിരുന്ന മലയാളികൾ ഒഴിച്ചുള്ള ഇന്ത്യൻ കാണികളും. ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസം ഇത് വീണ്ടും സംഭവിച്ചു. വെസ്റ്റ് ഇൻഡീസുമായുള്ള കളിക്ക് മുമ്പ് ടീമിൽ വരുത്തിയ വ്യത്യാസങ്ങളെ കുറച്ചു രോഹിത് പറയവേ, സഞ്ജു കളിക്കും എന്ന് പറഞ്ഞതും അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തിൽ ഒരിക്കൽ പോലും സ്ഥാനം പിടിച്ചിട്ടില്ലാത്ത ലോഡർഹില്ലിലെ ആ ഗാലറിയിൽ ആരവം ഉയർന്നു.
ഇന്ത്യൻ ഗാലറികളെ അപേക്ഷിച്ചു കൂടുതൽ മലയാളികൾ നിറയുന്ന ഈ വിദേശ ഗാലറികളിൽ സഞ്ജുവാണ് താരം. ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യം ആകാൻ ഇനിയും സാധിച്ചിട്ടില്ലാത്ത ഒരു കളിക്കാരൻ, അതുകൊണ്ടു തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് വരെ പേരെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു കളിക്കാരന് ഇത്രയും പിന്തുണ കിട്ടണമെങ്കിൽ അതിന് പിന്നിൽ തക്കതായ കാരണം കാണും.
ആദ്യമായല്ല ദേശീയ തലത്തിൽ കേരളത്തിൽ നിന്ന് ഒരു ക്രിക്കറ്റ് കളിക്കാരൻ ഉയർന്നു വരുന്നത്. പക്ഷെ ടീമിൽ എത്തുന്നതിന് മുൻപ് തന്നെ ഇത്രയധികം പിന്തുണ ലഭിച്ച ഒരു കളിക്കാരൻ ഉണ്ടാകില്ല. എന്ത് കൊണ്ടാകും മലയാളികൾ സഞ്ജുവിനെ ഇഷ്ടപ്പെടുന്നത്?
രാജസ്ഥാൻ ടീമിലെ വിദേശീയരെ പോലും മലയാളം പറയിപ്പിക്കാനും, മുണ്ടുടുപ്പിക്കാനും സഞ്ജുവിന് സാധിച്ചത് ഒരു ക്യാപ്റ്റൻ എന്ന നിലക്കല്ല. തന്നെക്കാൾ പരിചയ സമ്പത്തും, പേരുമുള്ള രാജസ്ഥാൻ കളിക്കാരെ പോലും സുഹൃത്തുക്കൾ ആക്കാൻ സഞ്ജുവിന് സാധിച്ചത് ആ ചെറുപ്പക്കാരന്റെ സ്വഭാവഗുണങ്ങൾ കാരണമാണ്. അത് തന്നെയാണ് മലയാളികളും ഇഷ്ടപ്പെട്ടത്.
സീനിയർ കളിക്കാരോടുള്ള ബഹുമാനം, മര്യാദയോടുള്ള പെരുമാറ്റം, സഹകളിക്കാരോടൊത്തുള്ള കുസൃതികൾ, പത്രപ്രവർത്തകരോടുള്ള സ്നേഹപൂർവ്വമായ ഇടപെടൽ, വിവാദങ്ങൾ ഇല്ലാത്ത ക്രിക്കറ്റ് ജീവിതം, ഇവയെല്ലാം സഞ്ജു എന്ന കളിക്കാരനോട് മലയാളികൾ അടുക്കാൻ കാരണമായി. തങ്ങൾ ഇഷ്ടപ്പെടുന്ന അയൽപക്കത്തെ മര്യാദയുള്ള ഒരു കുട്ടിയായാണ് അവർ അവനെ കണ്ടത്. തങ്ങളുടെ മക്കൾക്ക് മാതൃകയായി ചൂണ്ടി കാണിക്കാൻ പറ്റിയ മിടുക്കനായ ഒരു കുട്ടി, കൂട്ടുകാരൻ എന്ന നിലയിൽ അഭിമാനം കൊള്ളാൻ പറ്റുന്ന ഒരാൾ, ഇഷ്ടപ്പെടാൻ എന്ത് കൊണ്ടും യോഗ്യനായ ഒരു പയ്യൻ, ഇങ്ങനെ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ട് സഞ്ജുവിനെ സ്നേഹിക്കാൻ. ഇതിനെല്ലാം അപ്പുറത്ത് ആ മനുഷ്യൻ പുറത്തെടുക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് ഏതൊരു ആരാധകനെയും രോമാഞ്ചം കൊള്ളിക്കും. ഇതൊക്കെ കൊണ്ടാണ് പണ്ടത്തേക്കാൾ ഏറെ ഇന്ന് മലയാളികൾ ക്രിക്കറ്റ് കളിയെ ഇഷ്ടപ്പെടുന്നത്. സഞ്ജു കളിക്കുന്ന ദിവസങ്ങളിൽ കേരളത്തിലെ ടിവി വ്യുവർഷിപ്പ് കൂടുതലാണത്രേ. ഇന്നിപ്പോൾ മലയാളികൾ ഉറ്റുനോക്കുന്നത് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ അർഹമായ സ്ഥാനമാണ്, ടോസ് ഇടുന്നതിനും, ടീം വിമാനത്തിൽ കയറുന്നതിനും മുന്പ്, ഉറപ്പായ സ്ഥാനം. അതിവിദൂരത്തിൽ അല്ലാത്ത ആ ഭാഗ്യദിനത്തിനായി സഞ്ജുവിനൊപ്പം നമുക്കും കാത്തിരിക്കാം.
Story Highlight: Article on Sanju Samson