ഇന്ത്യൻ താരം സഞ്ജു സാംസണെ വിമർശിച്ച് കമ്രാൻ അക്മൽ രംഗത്ത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് സഞ്ജു സാംസണെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ രംഗത്ത് എത്തിയത്. ആദ്യ രണ്ട് കളികളിൽ നിന്നായി 19 റൺസ് മാത്രമാണ് സാംസണ് നേടാൻ ആയത്.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അക്മൽ, സാംസണിന്റെ പക്വതയില്ലായ്മയെ കുറ്റപ്പെടുത്തി. സഞ്ജു സാംസൺ ഈ രീതിയിൽ പുറത്തായത് നിരാശാജനകമാണെന്നും അക്മൽ പറഞ്ഞു. “കുറച്ച് നേരത്തെ ബാറ്റ് ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു, ഒരുപാട് ഓവറുകൾ ബാക്കിയുണ്ടായിരുന്നു. സഞ്ജുവിന് കഴിവ് തെളിയിക്കാൻ ഉള്ള അവസരമായിരുന്നു ഇത്” അക്മൽ പറഞ്ഞു.
“സഞ്ജു ഒരു ക്ലാസ് ബാറ്ററാണ്, എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ അവസരത്തിന് ഒത്ത് ഉയരണം. സഞ്ജു തന്റെ സമീപനത്തിൽ കൂടുതൽ പക്വത കാണിക്കണം. അദ്ദേഹം കുറച്ചുകാലമായിട്ട് ടീമിനൊപ്പം ഉണ്ടായിട്ടും ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
 
					













