വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ സഞ്ജു സാംസണെ ആറാം നമ്പറിൽ അയച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം കമ്രാൻ അക്മൽ.“സഞ്ജു ഐപിഎൽ ആറാം സ്ഥാനത്ത് കളിക്കുമോ? അവൻ ടോപ്പ്-4-ൽ കളിക്കുന്ന ആളാണ്, അവിടെ ഒരു അവസരം നൽകുക. കോഹ്ലിയും രോഹിതും ഇല്ലെങ്കിൽ, ഈ ബാറ്റ്സ്മാൻമാർ നാലോ അഞ്ചോ പോലെ ഉയർന്ന ഓർഡറിൽ കളിക്കണം.” അദ്ദേഹം പറഞ്ഞു.
“അവസാന ഏകദിനത്തിൽ സഞ്ജു ആക്രമിച്ചു കളിച്ചു, അതിനാൽ അത് വീണ്ടും ചെയ്യാൻ കഴിയുമെന്ന് കരുതി നിങ്ങൾ അവനെ 6ആമത് അയച്ചാൽ, എല്ലാ തവണയും അത് സംഭവിക്കില്ല” അക്മൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. സഞ്ജു ആദ്യ ടി20യിൽ 12 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ.
ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിന്റെ ടോട്ടൽ കണ്ടപ്പോൾ കോച്ച് രാഹുൽ ദ്രാവിഡും ഹാർദിക് പാണ്ഡ്യയും അമിത ആത്മവിശ്വാസത്തിലായിരുന്നു എന്നും അക്മൽ പറഞ്ഞു.
“ഇന്ത്യ ചേസിനായി വന്നപ്പോൾ, ക്യാപ്റ്റൻ, കോച്ച്, മാനേജ്മെന്റ്, എല്ലാവരും അമിത ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ഞാൻ കരുതി. ‘ഈ ടോട്ടൽ ഒന്നുമല്ല’ എന്ന് അവർ ചിന്തിച്ചതുപോലെ തോന്നി. നിങ്ങൾ പ്ലാൻ ചെയ്യണം. ഞാൻ അത് കണ്ടില്ല. പരീക്ഷണങ്ങൾ മാത്രമെ കണ്ടുള്ളൂ” അക്മൽ കൂട്ടിച്ചേർത്തു