ഒന്നാം സീസണിൽ തന്നെ ഒന്നാമതായി ഫൈനൽസിൽ കയറിയ ഗുജറാത്ത് ടൈറ്റൻസ്, ടൈറ്റിൽ നേടാൻ തങ്ങളെ കഴിഞ്ഞേ വേറെ ആർക്കും അവകാശമുള്ളൂ എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്നലെ ആദ്യ പ്ലേ ഓഫിൽ സഞ്ജുവിന്റെ രാജസ്ഥാനെ തോൽപ്പിച്ചു ഫൈനലിൽ കയറിയ ഗുജറാത്ത്, കളിയിൽ പ്രകടനത്തോടൊപ്പം പ്രഷറിനും സ്ഥാനമുണ്ട് എന്നു തെളിച്ചിയിച്ചു. ഈ കളി ഗുജറാത്തിനെ ജയിപ്പിച്ചത് അവരുടെ ക്യാപ്റ്റൻ, രാജസ്ഥാനെ തോൽപ്പിച്ചത് അവരുടെ ക്യാപ്റ്റൻ!
ആദ്യ ഓവറുകളിൽ തന്നെ യശസ്വി സ്നിക്ക് ചെയ്ത് പുറത്തു പോയപ്പോൾ മൂന്നാമനായി വന്ന സഞ്ജു തകർത്തടിച്ചു തുടങ്ങി, മറ്റേ അറ്റത്തുള്ള ബട്ട്ലർക്ക് ഫോമിലേക്ക് വരാൻ കുറച്ചു സമയം നൽകി സഹായിച്ചു. പക്ഷെ എന്തു കൊണ്ട് ഇന്ത്യൻ സിലക്ടർസ് സഞ്ജുവിനെ കൈയ്യൊഴിയുന്നു എന്നു നമ്മൾ ഇന്നലെ വീണ്ടും കണ്ടു. നല്ല തുടക്കങ്ങൾ വലിയ സ്കോറുകളായി മാറ്റുവാനുള്ള സഞ്ജുവിന്റെ പിടിപ്പുകേട് ഒരു പ്രധാന പ്രശ്നം തന്നെയാണ്. 30കളിലും, 40കളിലും കൊണ്ട് പോയി വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിന്റെ സ്വഭാവം മാറ്റാതെ ഇനിയും മുന്നോട്ട് പോവുക സാധ്യമല്ല.
മറുവശത്ത്, ഗുജറാത്ത് ക്യാപ്റ്റൻ പാണ്ഡ്യ യഥാസമായങ്ങളിൽ ബാറ്റേഴ്സിനെ സമ്മർദ്ദത്തിലാക്കുന്ന കാഴ്ചയാണ് കണ്ടത്. സായിയെ ഇറക്കി സഞ്ജുവിന്റെയയും കൂട്ടരുടെയും റണ് വേട്ട ആദ്യം പതുക്കെയാക്കി, സായിയെ പ്രഹരിച്ചു തുടങ്ങിയപ്പോൾ റാഷിദിനെ കൊണ്ടു ഒന്ന് കൂടി പൂട്ട് മുറുക്കി. രാജസ്ഥാൻ ബാറ്റേഴ്സിനെ നിസ്സഹായകരാക്കി, പ്രകോപിപ്പിക്കുകയാണ് ഹാർദിക് ചെയ്തത്.
ഗുജറാത്ത് ബാറ്റിംഗ് തുടങ്ങിയപ്പോൾ, 189 ഒരു നിസ്സാര സ്കോറാണ്, വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ചാൽ വിജയിക്കാം എന്നാണ് പാണ്ഡ്യ തന്റെ കളിക്കാരോട് പറഞ്ഞത്. അത് പിച്ചിൽ പ്രാവർത്തികമാക്കി മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു.
എന്നാൽ ആദ്യ 6 ഓവറുകളുടെ പവർപ്ലേ കഴിഞ്ഞു ഗുജറാത്തിനെ പിടിച്ചു കെട്ടാനോ, സമ്മർദ്ദത്തിലാക്കാനോ രാജസ്ഥാന് കഴിഞ്ഞില്ല. സഞ്ജു കുറച്ചു കൂടി ആഗ്രസ്സിവ് ആയി ക്യാപ്റ്റൻസി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്ലേ ഓഫിൽ ജയിക്കുന്നവരുമായിട്ട് ഒരു കളി കൂടി കളിച്ചു ഫൈനൽസിൽ കയറാൻ സഞ്ജുവിന് ചാൻസ് ഉണ്ട്, പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ സഞ്ജു തയ്യാറാകാതെ ഗുജറാത്തിനെ നേരിടാൻ സാധ്യമല്ല.