മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ് അവസാനം സ്ഥിര കരാറിൽ ക്ലബ് വിടുന്നു. ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ അനുസരിച്ച് സാഞ്ചസിനെ ഇന്റർ മിലാൻ സൈൻ ചെയ്തിരിക്കുകയാണ്. ഇതുവരെ ഇന്റർ മിലാനിൽ ലോണടിസ്ഥാനത്തിൽ ആയിരുന്നു സാഞ്ചസ് കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പണം ഒന്നും വാങ്ങാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്റർ മിലാ് സാഞ്ചെസിനെ നൽകിയിരിക്കുകയാണ്. രണ്ട് വർഷത്തെ കരാർ യുണൈറ്റഡിൽ ബാക്കി ഇരിക്കെ ആണ് യുണൈറ്റഡ് സാഞ്ചസിനെ വെറുതെ നൽകിയത്.
രണ്ട് വർഷത്തെ സാഞ്ചസിന്റെ ഉയർന്ന ശമ്പളം സാഞ്ചസിന് നൽകണം എന്നത് മാത്രമെ ഇന്ററിന് ബാധ്യതയായുള്ളൂ. 7 മില്യണോളം ആകും ഈ വേതനം. സാഞ്ചസിന്റെ വലിയ വേതനം മൂന്നാം വർഷം മുതൽ കുറക്കാൻ താരം തയ്യാറായിട്ടുണ്ട്. യൂറൊപ്പ ലീഗ് മത്സരങ്ങൾക്ക് ശേഷം ഇന്റർ മിലാൻ ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കും. സാഞ്ചസിന്റെ ഇപ്പോഴത്തെ മികച്ച ഫോം കണക്കിലെടുത്ത് ആണ് താരത്തെ ഇന്റർ സൈൻ ചെയ്തത്. കൊറോണ ഇടവേളയ്ക്ക് ശേഷം ഗംഭീര ഫോമിലാണ് സാഞ്ചസ് കളിക്കുന്നത്.
ഇപ്പോൾ യൂറോപ്പ ലീഗ് സ്ക്വാഡിലും ഇന്റർ സാഞ്ചസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സീസൺ തുടക്കം മുതൽ സാഞ്ചസ് ലോണിൽ ഇന്റർ മിലാനൊപ്പം ഉണ്ട്. ഒന്നര സീസൺ ക്ലബിൽ കളിച്ചിട്ടും ഒട്ടും തിളങ്ങാത്തത് കൊണ്ടായിരുന്നു യുണൈറ്റഡ് സാഞ്ചസിനെ ലോണിൽ വിട്ടത്. യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞ സാഞ്ചേസ് 45 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ചിട്ട് ആകെ 5 ഗോളുകളെ നേടാൻ ആയിരുന്നുള്ളൂ.