രാംകോ കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളക്ക് വലിയ വിജയം. ഇന്ന് എഫ് സി കേരളയെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വലിയ വിജയമാണ് ഗോകുലം കേരള നേടിയത്. നാലു ഗോളുകൾ ഒറ്റയ്ക്ക് അടിച്ച് മാലി സ്വദേശി സാലിയൊ ആണ് എഫ് സി കേരള ഡിഫൻസിനെ തകർത്തത്. രണ്ട് മത്സരങ്ങളിൽ നിന്നായി സാലിയൊ അഞ്ചു ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി നിൽക്കുകയാണ് ഇപ്പോൾ.
മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ സാലിയൊ ഇന്ന് വലകുലുക്കി. ഒരു ത്രൂ ബോൾ സ്വീകരിച്ച് ഒറ്റയ്ക്ക് കുതിച്ച് കൊണ്ടായിരുന്നു സാലിയൊയുടെ ആദ്യ ഗോൾ. 26ആം മിനുട്ടിൽ എഫ് സി കേരളയുടെ ഒരു ഡിഫൻസീവ് പിഴവ് മുതലെടുത്ത് സാലിയൊ ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കി. ഇടക്ക് കൗണ്ടറുകളിലൂടെ ഗോകുലം കേരളയെ പരീക്ഷിക്കാൻ നോക്കിയ എഫ് സി കേരളയ്ക്ക് 51ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാൻ ആയി.
പെനാൾട്ടി എടുത്ത ആസിഫിന് ആദ്യം പിഴച്ചു എങ്കിലും റീബൗണ്ടിൽ പന്ത് വലയിൽ ആക്കാൻ ആയി. പക്ഷെ ഈ ഗോളും എഫ് സി കേരളയ്ക്ക് ആശ്വാസം നൽകിയില്ല. 53ആം മിനുട്ടിൽ സാലിയൊ തന്റെ ഹാട്രിക്ക് തികച്ചു. 80ആം മിനുട്ടിൽ അഭിഷേകിന്റെ ഒരു മനോഹര ഷോട്ടിലൂടെ എഫ് സി കേരള വീണ്ടും സ്കോർ ചെയ്ത് കളി 3-2 എന്നാക്കി. അപ്പോഴും പെട്ടെന്ന് തന്നെ സാലിയൊ മറുവശത്ത് വല കുലുക്കി. 83ആം മിനുട്ടിൽ ആയിരുന്നു സലയിയുടെ നാലാം ഗോൾ. അവസാനം 91ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് ഫസലുൽറഹ്മാൻ ഗോകുകത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ ആറു പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പ് എയിൽ ഒന്നാമത് എത്തി.