നാല് പോയിന്റ് പിന്നിൽ നിന്ന ശേഷം സ്വര്‍ണ്ണവുമായി സാക്ഷി, താരത്തിന്റെ ആദ്യ കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി മാലികിന് ആദ്യ പകുതിയിൽ കാലിടറിയെന്ന് ഏവരും കരുതിയ നിമിഷത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി സ്വര്‍ണ്ണം നേടി ഇന്ത്യന്‍ താരം. പോയിന്റ് നിലയിൽ ഇരു താരങ്ങളും നാല് പോയിന്റാണ് നേടിയതെങ്കിലും വിക്ടറി ബൈ ഫോള്‍ സാക്ഷിയ്ക്കായിരുന്നു. 2014ൽ വെള്ളിയും 2018ൽ വെങ്കലവും നേടിയ സാക്ഷിയുടെ ഇത് ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണമാണ്.

ഇന്ന് 62 കിലോ വിഭാഗം മത്സരത്തിൽ കാനഡയുടെ ഗോഡിനെസ് ഗോൺസാലസിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 0-4ന് സാക്ഷി പിന്നിലായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സാക്ഷി എതിരാളിയെ പിന്‍ ചെയ്ത് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഗുസ്തിയിൽ നിന്ന് ഇന്ത്യ രണ്ടാം സ്വര്‍ണ്ണമാണ് ഇന്ന് നേടിയത്.