ആദ്യം ഛേത്രിയുടെ മാജിക്ക്, പിന്നെ ഇഞ്ച്വറി ടൈമിൽ സഹൽ സമ്മാനിച്ച സ്വപ്ന നിമിഷം, ഇന്ത്യ അഫ്ഗാനെ വീഴ്ത്തി

Newsroom

Picsart 22 06 11 22 32 58 304
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ആവേശകരമായ വിജയം. ഇഞ്ച്വറി ടൈമിൽ സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന്റെ ബലത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ കൊൽക്കത്തയിൽ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ന് ആശിഖിനെയും ജീക്സണെയും ടീമിലേക്ക് എത്തിച്ചാണ് സ്റ്റിമാച് ഇന്ത്യയെ ഇറക്കിയത്. ആദ്യ പകുതിയിൽ ഒമ്പതോളം കോർണറുകൾ ഇന്ത്യക്ക് ലഭിച്ചു. പക്ഷെ ഒന്നും മുതലെടുക്കാൻ ഇന്ത്യക്ക് ആയില്ല. അഫ്ഗാനും ഇടക്ക് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ ഗുർപ്രീതിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. ആദ്യ പകുതിയിൽ അഫ്ഗാൻ താരവും ഗോലുലം ക്യാപ്റ്റനുമായ ഷരീഫ് മുഹമ്മദ് അരിക്കേറ്റ് പുറത്ത് പോയത് സന്ദർശകർക്ക് തിരിച്ചടി ആയി.

ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെ ഒരു ആക്രൊബാറ്റിക് ശ്രമവും ഗോളായില്ല. രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തി വിജയം നേടാൻ ഇന്ത്യയുടെ ശ്രമം തുടർന്നു. 70ആം മിനുട്ടിൽ ആഷിഖ് കുരുണിയന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഇടം ലാലൻ ഷോട്ട് ഗോൾ പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്.
Picsart 22 06 11 22 26 13 938
72ആം മിനുട്ടിൽ അഫ്ഗാന്റെ ഒരു ഷോട്ട് ഗംഭീര സേവിലൂടെ ഗുർപ്രീത് തടഞ്ഞത് ഇന്ത്യക്ക് രക്ഷയായി. രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ബാക്കി ഉള്ളപ്പോൾ ആണ് ചേത്രിയുടെ ഗോൾ വന്നത്. ഒരു ഡയറക്ട് ഫ്രീകിക്കിൽ ആണ് ഛേത്രിയുടെ ക്ലാസ് ഇന്ത്യ കണ്ടത്. ഇന്ത്യ ഒരു ഗോളിന് മുന്നിൽ. ഛേത്രിയുടെ 83ആം അന്താരാഷ്ട്ര ഗോൾ.

പക്ഷെ ഈ ലീഡ് മിനുട്ടുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഒരു കോർണറിൽ നിന്ന് അമിരിയുടെ ഹെഡറിലൂടെ പെട്ടെന്ന് തന്നെ അഫ്ഗാൻ സമനില പിടിച്ചു. സ്കോർ 1-1. നിമിഷങ്ങൾ മാത്രം ബാക്കി.

91ആം മിനുട്ടിൽ ആഷിഖ് കുരുണിയന്റെ പാസിൽ നിന്ന് സബ്ബായി എത്തിയ സഹലിന്റെ ഫിനിഷ്. ഇന്ത്യ 2-1ന് മുന്നിൽ. ഫുട്ബോൾ ആരാധകർ ഇത്രമേൽ സന്തീഷിച്ച ഒരു നിമിഷം അടുത്ത കാലത്ത് ഒന്നും ഉണ്ടായിക്കാണില്ല. ഈ ഗോൾ ഇന്ത്യയുടെ ജയം ഉറപ്പിക്കുകയും ചെയ്തു.

ഈ വിജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള ഹോങ്കോങിനും 6 പോയിന്റാണ്. ഇനി അവസാന മത്സരത്തിൽ ഹോങ്കോങിനെ ആകും ഇന്ത്യ നേരിടുക.