മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് ആദ്യമായി ഇന്ത്യൻ ടീമിന്റെ സീനിയർ ജേഴ്സിയിൽ ഇറങ്ങി. ഛേത്രിയുടെ അടക്കം ഇന്ത്യൻ ഫുട്ബോളിലെ എല്ലാവരുടെ പ്രശംസകൾ നൽകിയ സമ്മർദ്ദവുമായായിരുന്നു സഹൽ കുറാസാവോയ്ക്ക് എതിരെ മധ്യനിരയിൽ ഇറങ്ങിയത്. ആ സമ്മർദ്ദം കളിയുടെ തുടക്കത്തിൽ കാണാനും ആയി.
കുറാസാവോ എന്ന ശക്തരായ ടീമായിരുന്നു എതിരായി ഉള്ളത് എന്നതും സഹലിന് പ്രശ്നമായി. ആദ്യ പകുതിയിൽ മിസ് പാസുകൾ ഉണ്ടായി എങ്കിൽ കൂടെ ഒരു പെനാൾട്ടി ഇന്ത്യൻ ടീമിനായി നേടിക്കൊടുക്കാനും ഉദാന്തയ്ക്ക് ഒരു തകർപ്പൻ അവസരം ഒരുക്കി കൊടുക്കാനും സഹലിനായി. സഹൽ നേടിക്കൊടുത്ത പെനാൾട്ടി ആണ് ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചത്. ഉദാന്തയ്ക്ക് ഒരുക്കി കൊടുത്ത അവസരം ഗോൾ കീപ്പർ രക്ഷിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ ആയിരുന്നു യഥാർത്ഥ സഹലിനെ കണ്ടത്. സമ്മർദങ്ങൾ മറന്ന സഹൽ മധ്യനിര ഭരിച്ചു എന്ന് തന്നെ പറയാം. കുറാസാവോയുടെ പേരുകേട്ട മധ്യനിരയിലൂടെയും ഡിഫൻസിലൂടെയും സ്കിൽസും ഡ്രിബിൾസുമായി സഹൽ മുന്നേറി. ഇന്ത്യൻ ടീമിന് മൂന്ന് മികച്ച അവസരങ്ങൾ സഹൽ ഒരുക്കി കൊടുത്തു. പക്ഷെ ഒന്നും ഗോളായി മാറിയില്ല.
ഇന്ന് 3-1ന്റെ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയെങ്കിലും സഹൽ ഇനിയും കുറേ വർഷം ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന സൂചനകൾ ഇന്ന് ലഭിച്ചു എന്ന് തന്നെ പറയാം.