സാഫ് കപ്പിൽ ഇന്ന് ഇന്ത്യ ഇറങ്ങുന്നത് തങ്ങളുടെ എട്ടാം കിരീടം ലക്ഷ്യം വെച്ച് മാത്രമാകും. ഇന്ന് ബംഗ്ലാദേശിൽ മാൽഡീവ്സിനെതിരെ ആണ് ഇന്ത്യയുടെ കലാശപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ മാൽഡീവ്സിനെ പരാജയപ്പെടുത്തിയ ആത്മവിശാസം ആണ് ഇന്ത്യക്ക് ഇന്ന് പ്രധാന മുതൽകൂട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ മാൽഡീവ്സിന് എതിരായ വിജയം.
പക്ഷെ മുമ്പ് സാഫ് ഫൈനലിൽ ഇന്ത്യയെ അട്ടിമറിച്ച ചരിത്രമുള്ള മാൽഡീവ്സിനെ നിസ്സാരക്കാരായി കാണുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല. 2008ലെ ഫൈനലിൽ ആയിരുന്നു മാൽഡീവ്സ് ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി സമ്മാനിച്ചത്. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാൽഡീവ്സിന്റെ ജയം.
ഇത് കൂടാതെ 1997ലും 2009ലും ഇന്ത്യ മാൽഡീവ്സ് ഫൈനൽ ഉണ്ടായിട്ടുണ്ട്. ആ രണ്ട് ഫൈനലിലും ഇന്ത്യ ആയിരുന്നു ജയിച്ചത്. ഇന്നും അത് ആവർത്തിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. സെമി ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്നി ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മലയാളി താരം ആഷിക് കുരുണിയന്റെ ഗോൾ അവസരമൊരുക്കാനുള്ള മികവ് പാകിസ്ഥാനെതിരെ ഇന്ത്യയെ സഹായിച്ചിരുന്നു. അന്ന് മൻവീർ സിംഗ് ഇരട്ടഗോളുകളും നേടിയിരുന്നു. മൻവിർ സിംഗ് തന്നെയാണ് 3 ഗോളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോററും.
സെമിയിൽ നേപ്പാളിനെ തോൽപ്പിച്ചാണ് മാൽഡീവ്സ് ഫൈനലിൽ എത്തിയത് സെമിയിലെ ജയം മാത്രമാണ് മാൽഡീവ്സിന് ഈ ടൂർണമെന്റിൽ സ്വന്തമായുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോൽക്കുകയും ശ്രീലങ്കയോട് സമനില വഴങ്ങുകയുമായിരുന്നു മാൽഡീവ്സ്. ഇന്ന് രാത്രി 6.30നാണ് മത്സരം. ഡി സ്പർട്സിൽ തത്സമയം മത്സരം കാണാം.