ചെറിയ ഇടവേളയ്ക്ക് ശേഷം സാഫ് കിരീടം ഇന്ത്യക്ക് സ്വന്തം. ഇന്ന് മാൽഡീവ്സിൽ നടന്ന ഫൈനലിൽ നേപ്പാളിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്നും ഗോളുമായി ഇന്ത്യയെ മുന്നിൽ നിന്നു വിജയിച്ചു. ആദ്യ പകുതിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയിരുന്നു എങ്കിലും ഗോൾ കണ്ടെത്താൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും വന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനുട്ടിൽ ആയിരുന്നു ഛേത്രി ഇന്ത്യക്ക് ലീഡ് നൽകിയത്. പ്രിതം കോട്ടാൽ നൽകിയ ക്രോസ് ഒരു ടെക്സ്റ്റ് ബുക്ക് ഹെഡറിലൂടെ ഛേത്രി വലയിൽ എത്തിക്കുക ആയിരുന്നു. ഛേത്രിയുടെ ടൂർണമെന്റിലെ അഞ്ചാം ഗോളാണിത്. ഇന്ത്യക്ക് ആയുള്ള 80ആം ഗോളും. ഈ ഗോളോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ മെസ്സിക്ക് ഒപ്പം എത്താൻ ഛേത്രിക്ക് ആയി.
ഈ ഗോളിനു തൊട്ടു പിന്നാലെ 50ആം മിനുട്ടിൽ ഇന്ത്യ രണ്ടാം ഗോളും നേടി. യാസിറിന്റെ പാസിൽ നിന്ന് സുരേഷ് ആണ് ഇന്ത്യക്ക് ആയി ഗോൾ നേടിയത്. ഈ രണ്ട് മിനുട്ടിലെ രണ്ടു ഗോളുകൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. സബ്ബായി എത്തി 90ആം മിനുട്ടിൽ ആയിരുന്നു മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഗോൾ. ഈ ഗോൾ ഇന്ത്യൻ വിജയത്തിന്റെ മധുരം കൂട്ടി.
ഇന്ത്യയുടെ എട്ടാം സാഫ് കിരീടമാണിത്. 1993, 1997, 1999, 2005, 2009, 2011,2015 എന്നീ വർഷങ്ങളിലാണ് ഇതിനു മുമ്പ് ഇന്ത്യ സാഫ് കിരീടം നേടിയിട്ടുള്ളത്.