സാഫ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് കണ്ണീർ. തികച്ചും ഒരു അട്ടിമറി എന്ന് തന്നെ വിളിക്കാവുന്ന മത്സരത്തിൽ ഇന്ത്യയെ തറപറ്റിച്ച് മാൽഡീവ്സ് സാഫ് കിരീടം ഉയർത്തി. ഇരു പകുതികളിലായി നേടിയ ഒരോ ഗോളുകളുടെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാൽഡീവ്സ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യ പകുതി മുതൽ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യ പിറകിൽ പോവുകയായിരുന്നു. കളിയുടെ 19ആം മിനുട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായി ഇബ്രാഹീം ഹുസൈനാണ് മാൽഡീവ്സിന് ആദ്യ ഗോൾ നേടിക്കൊടുത്തത്. അതിനു ശേഷം പൂർണ്ണമായും മാൽഡീവ്സ് ഡിഫൻസിലേക്ക് മാറി.
രണ്ടാം പകുതി മുതൽ കൂടുതൽ പ്രസിംഗ് ഫുട്ബോൾ ഇന്ത്യ കളിച്ചു എങ്കിലും മാൽഡീവ്സ് പതറിയില്ല. ഇന്ത്യയുടെ പ്രസിങിലെ ബലഹീനത മുതലെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ ഒരു ഗോൾ കൂടെ മാൽഡീവ്സ് നേടുകയും ചെയ്തു. 66ആം മിനുട്ടിൽ അൽ ഫസീർ ആയിരുന്നു മാൽഡീവ്സിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീടും ഗോൾ മടക്കാൻ സമയം ഉണ്ടായിരുന്നു എങ്കിലും മാൽഡീവ്സ് അവരുടെ ടാക്ടിക്സിൽ നിന്നതു കൊണ്ട് ഇന്ത്യയുടെ അറ്റാക്കുകൾ എളുപ്പമായില്ല .
മലയാളി താരം ആഷിഖ് കുരുണിയൻ സൃഷ്ടിച്ചത് അടക്കം നിരവധി അവസരങ്ങൾ കളിയിൽ ഇന്ത്യക്ക് ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. അവസാനം ഇഞ്ച്വറി ടൈമിൽ ആണ് സുമീത് പസിയിലൂടെ ഇന്ത്യ കളിയിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് ശേഷം ഒരു ഗോൾ കൂടെ മടക്കാനുള്ള സമയം കളിയിൽ ഉണ്ടായിരുന്നില്ല.
ഇതിന് മുമ്പ് 2008ലും ഇന്ത്യ മാൽഡീവ്സിനോട് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ടീമാണ് മാൽഡീവ്സ്. മാൽഡീവ്സിന്റെ രണ്ടാം സാഫ് കിരീടം മാത്രമാണിത്.