റയാൻ ഗിഗ്സ് അവസാനം വെയിൽസ് മാനേജർ സ്ഥാനം രാജിവച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൈംഗികാതിക്രമണത്തിന് അറസ്റ്റിലായത് കാരണം 2020 നവംബർ മുതൽ തന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. ഗിഗ്‌സിനെതിരെ മുൻ കാമുകിയെ ആക്രമിച്ചതിനായിരുന്നു കുറ്റം ചുമത്തിയത്. ഗിഗ്‌സിന്റെ അഭാവത്തിൽ റോബർട്ട് പേജ് വെയിൽസിന്റെ ഇടക്കാല പരിശീലകനായി ചുമതലയേൽക്കുകയും അവരെ 1958 ന് ശേഷമുള്ള ആദ്യ ലോകകപ്പ് ഫൈനലിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
മുൻ വെയിൽസ് ക്യാപ്റ്റൻ ആയ പേജ് തന്നെ ആകും ഇനി വെയിൽസിനെ ലോകകപ്പിലേക്ക് നയിക്കുക. 2019 ഓഗസ്റ്റ് മുതൽ ഗിഗ്‌സിന്റെ അസിസ്റ്റന്റ് ആയി പേജ് ഉണ്ടായിരുന്നു. ജൂൺ തുടക്കത്തിൽ ഉക്രെയ്‌നിനെ പ്ലേ-ഓഫ് ഫൈനലിൽ തോൽപ്പിച്ച് ആണ് 64 വർഷത്തിന് ശേഷം ആദ്യമായി വെയിൽസ് ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാൻ എന്നിവർക്ക് ഒപ്പമാണ് വെയ്ൽസ് കളിക്കുക.
പേജിന്റെ കീഴിൽ യൂറോ കപ്പിൽ അവസാന 16ൽ എത്താൻ വെയ്ൽസിനായിരുന്നു.