റോയല്‍ ചലഞ്ചേഴ്സിനതിരെ കഴിഞ്ഞ സീസണലില്‍ കൊല്‍ക്കത്തയുടെ മിന്നും പ്രകടനത്തിന് പിന്നില്‍ ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് പ്രകടനം ആണ് ഏറ്റവും പ്രധാനമായി വിശേഷിപ്പിക്കാവുന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 205 റണ്‍സ് നേടിയ ശേഷം 26 പന്തില്‍ കൊല്‍ക്കത്തയ്ക്ക് 67 റണ്‍സ് വേണമെന്ന സ്ഥിതിയിലാണ് ആന്‍ഡ്രേ റസ്സലിന്റെ മിന്നും പ്രകടനം വരുന്നത്.
13 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച റസ്സല്‍ പറയുന്നത് കോഹ്‍ലിയുടെ പെരുമാറ്റം ആണ് തന്നെ ഈ ഇന്നിംഗ്സിലേക്ക് നയിച്ചതെന്നാണ്. ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയ ശേഷം സ്റ്റേഡിയത്തില്‍ താരങ്ങളുടെ ഭാര്യമാരും കൊല്‍ക്കത്ത ആരാധകരും ഇരിക്കുന്ന വശത്തേക്ക് നോക്കി “കം ഓണ്‍” എന്ന് ആക്രോശിച്ചതാണ് തന്നെ ഇത്തരം ഇന്നിംഗ്സ് പുറത്തെടുക്കാന്‍ പ്രഛോദിപ്പിച്ചതെന്ന് റസ്സല്‍ പറഞ്ഞു.
ദിനേശ് കാര്‍ത്തിക് പുറത്തായ ശേഷം ക്രീസിലെത്തിയ ശുഭ്മന്‍ ഗില്ലിനോട് താന്‍ കൂടുതല്‍ സ്ട്രൈക്കും തനിക്ക് നല്‍കുവാനാണ് പറഞ്ഞത്. ആര് പന്തെറിഞ്ഞാലും താനവരെ ആക്രമിക്കുവാനാണ് പോകുന്നത്, അതിനാല്‍ തന്നെ കൂടുതല്‍ സ്ട്രൈക്കും തനിക്ക് തരുവാന്‍ താന്‍ ഗില്ലിനോട് പറഞ്ഞുവെന്ന് താരം വെളിപ്പെടുത്തി.
ഓരോ സിക്സുകള്‍ നേടുമ്പോള്‍ താന്‍ സ്കോര്‍ ബോര്‍ഡിലേക്ക് നോക്കുന്നില്ലായിരുന്നുവെന്ന് റസ്സല്‍ വ്യക്തമാക്കി. സിക്സുകള്‍ അടിച്ച് കഴിഞ്ഞാല്‍ താന്‍ ഗില്ലിനടുത്ത് ചെന്ന് ഗ്ലൗ-പഞ്ച് ചയ്യും പിന്നീട് വലിയൊരു ശ്വാസം എടുത്ത് സമ്മര്‍ദ്ദം ഒഴിവാക്കുവാന്‍ ശ്രമിക്കുമെന്നും റസ്സല്‍ പറഞ്ഞു.
റസ്സലിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് കൊല്‍ക്കത്ത നീങ്ങുകയായിരുന്നു. 1 ഫോറും 6 സിക്സുമാണ് താരം അന്നത്തെ ഇന്നിംഗ്സില്‍ നേടിയത്.